തിരുവനന്തപുരം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന് ഒരുങ്ങാൻ പ്രധാനമന്ത്രിയുടെ നിർദേശം.
അടിയന്തര ഒഴിപ്പിക്കൽ വേണ്ടിവന്നാൽ അതിന് സജ്ജമായിരിക്കാനാണ് നിർദേശം. രക്ഷാദൗത്യത്തിനുള്ള ആസൂത്രണം നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സുഡാനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. സുഡാനിൽ മലയാളി കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
3000 ലധികം ഇന്ത്യാക്കാർ സുഡാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം യോഗത്തിൽ അറിയിച്ചു. ഏതൊക്കെ മാർഗങ്ങളിലൂടെ ഒഴിപ്പിക്കാനാകുമെന്ന കാര്യത്തിൽ രൂപരേഖ തയ്യാറാക്കാനും സജ്ജമാകാനും പ്രധാനമന്ത്രി നിർദേശിച്ചു.
സുഡാനിലുള്ളവരുടെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കാനും സാധ്യമമായ എല്ലാ സഹായങ്ങളും എത്തിച്ചു നൽകാനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ സമീപരാജ്യങ്ങളുമായി നിരന്തര സമ്പർക്കം പുലർത്താനും വിദേശകാര്യമന്ത്രാലയത്തിന് മോദി നിർദേശം നൽകി.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ഖത്ര, സേനാ മേധാവിമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.