ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മലയാളിയായ മുരളി തുമ്മാരുകുടി. 2018ലെ പ്രളയമടക്കം നിരവധി ദുരന്തങ്ങളിൽ വിദഗ്ധോപദേശം നൽകി ശ്രദ്ധേയനായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കേരളത്തിൽ അധികം വൈകാതെ പത്തിലേറെപ്പേർ കൊല്ലപ്പെടുന്ന ബോട്ടപകടമുണ്ടാകുമെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്.
ഹൗസ് ബോട്ട് രംഗത്തെ സുരക്ഷാപ്പിഴവ്, ആധുനികവത്കരിക്കുന്നതിലെ കാലതാമസം തുടങ്ങി നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കുറിപ്പെഴുതിയത്. കുറിപ്പെഴുതി കൃത്യം ഒരുമാസം കഴിയുമ്പോൾ അപകടമുണ്ടായിരിക്കുകയാണ്. അദ്ദേഹം സൂചിപ്പിച്ചതുപോലെ മിക്ക സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചാണ് താനൂരിലെ ബോട്ട് സർവീസ് നടത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മലപ്പുറം താനൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 22 പേരാണ് മരിച്ചത്. കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.