✍🏻 സന്ദീപ് എം സോമൻ
സിംഗപ്പൂർ : സിംഗപ്പൂരിൽ ഈ മാസം 28ന് നടക്കുന്ന പൂരാഘോഷത്തിൽ ആനപ്രേമികൾക്ക് ഹരം പകരാൻ രണ്ട് കൊമ്പന്മാർ കേരളത്തിൽനിന്ന് എത്തും.
പൂരം പൊടി പൂരമാക്കാൻ എത്തുന്ന ആ കരിവീരന്മാർ ആകാരഭംഗിയിൽ മികവ് പുലർത്തുന്നതിനൊപ്പം കാഴ്ചക്കാരിൽ വിസ്മയവും തീർക്കും.
കാരണം , എഴുന്നള്ളിക്കുന്നത് തടികൊണ്ട് നിര്‍മിച്ച രണ്ട് കൃത്രിമ ആനകളായതുകൊണ്ട്.
പത്തരയടി ഉയരമുള്ള ഇവ സാധാരണ ആനകളുടെ എല്ലാ ചലനങ്ങളും ഉള്ളവയാണ്. ദൂരക്കാഴ്ചയിൽ തലയെടുപ്പുള്ള കേരളത്തിലെ ഒരു നാട്ടാനയായി മാത്രമേ കണക്കാക്കൂ.
കൃത്രിമ ആനകളെ ഓരോ ഭാഗങ്ങളാക്കി കണ്ടെയ്നറിലാണ് സിംഗപ്പൂരിലേക്ക് കൊണ്ടുവരുന്നത്. സിംഗപ്പൂരില്‍
എത്തിച്ച ശേഷം കൂട്ടിയോജിപ്പിക്കും. ഇതോടെ പൂർണ ആരോഗ്യവാനായ ഒരു ആന രൂപപ്പെടും.
ഒരു സാധാരണ ആനയെപ്പോലെ തുമ്പിക്കൈ ഉയർത്തി ഇരു ചെവികളും ആട്ടി മസ്തകമുയര്‍ത്തി നില്‍ക്കുന്നത് കണ്ടാല്‍ അസൽ ഒരു കൊമ്പൻ അല്ലെന്ന് പറയാൻ ആർക്കും കഴിയില്ല. അത്രയ്ക്ക് ഭംഗിയിലാണ് നിർമ്മാണം.
നാനൂറു കിലോയാണ് തൂക്കം , പത്തരയടിയോളം ഉയരം വരും.
മൂന്നു മാസം കൊണ്ടാണ് ശില്പി പ്രശാന്തും കൂട്ടരും ആനകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഇതുവരെ ഒൻപത് യന്ത്ര ആനകളെ ഇവർ നിർമ്മിച്ചിട്ടുണ്ട്. ദുബായ്, രാജസ്ഥാൻ, പുതുക്കോട്ട എന്നിവിടങ്ങളിലാണ് ചലിക്കുന്ന ആനകളെ നിർമ്മിച്ചു നൽകിയിട്ടുള്ളത്.
4 പേർക്ക് ആനപ്പുറത്ത് സുഖമായി ഇരിക്കാം. കോലവും ആലവട്ടവും വെഞ്ചാമരവും എല്ലാമായി പൂരവും നടത്താം. മോട്ടോർ ഉപയോഗിച്ചാണ് അവയവങ്ങൾ ചലിക്കുന്നത്. ചെവി, കണ്ണ്, വായ്, വാൽ, തുമ്പിക്കൈ എന്നിവയെല്ലാം സാധാരണ ആനകളുടെ പോലെ ചലിക്കും. കണ്ണുകളും അനങ്ങും. തല തിരിക്കും, തുമ്പിക്കയ്യിലൂടെ വെള്ളം ചീറ്റും.
ഭാരക്കൂടുതൽ ഒരു പ്രശ്നമല്ല. ആനയെ മറ്റൊരിടത്തേയ്ക്കു നീക്കാനായി കാലുകളിൽ ചക്രങ്ങൾ ഘടിപ്പിച്ചു റോഡിലൂടെ എഴുന്നള്ളിക്കാം.
ശില്പിയും സഹപ്രവർത്തകരും മെയ് 28ന് നടക്കുന്ന സിംഗപ്പൂർ പൂരത്തിനായി ആനയ്ക്കൊപ്പം വരുന്നുണ്ട്. ഏതായാലും ഇത്തവണത്തെ സിംഗപ്പൂർ പൂരം നല്ല ഒരു കാഴ്ച വിരുന്നാകും.