ആവശ്യത്തിന് കാണികളും തിയേറ്ററുകളുമില്ലാതെ ബോക്സോഫീസിൽ നിരങ്ങി നീങ്ങി വിദ്വേഷ പ്രചാരണ സിനിമ ‘ദി കേരള സ്റ്റോറി’. മെയ് 15ന് കളക്ഷനിൽ വൻ ഇടിവാണ് നേരിട്ടത്. ഞായറാഴ്‌ചത്തെ കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ഒറ്റദിവസം കൊണ്ട് സിനിമയുടെ വരുമാനത്തിൽ 50 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ 150 കോടിക്ക് അടുത്ത് കളക്ഷൻ നേടിയെന്നാണ് വാദം.
കേരളത്തിൽ സിനിമയുടെ സ്ഥിതി വളരെ പരിതാപകരമാണ്. രണ്ടാംവാരത്തിൽ 40 തിയറ്ററുകളിൽ പ്രദർശിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും മൂന്നിലൊന്ന് തിയേറ്ററുകളിലേക്ക് ചിത്രം ചുരുങ്ങി. മെയ് അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്‌ത സിനിമ ഏതാനും തിയറ്ററുകൾ വിലയ്‌ക്കെടുത്ത് മാത്രമാണ് സംസ്ഥാനത്ത് റിലീസ് ചെയ്‌തത്.
തിയേറ്ററുകളിലേക്ക് ആളുകൾ തിരിഞ്ഞുപോലും നോക്കാതിരുന്നതോടെ പ്രദർശനം വീണ്ടും കുറഞ്ഞു. കേരളത്തിന് പുറത്ത് ജനപ്രീതി നേടുന്നുവെന്ന വ്യാജ പ്രചാരണത്തിനിടെയും കേരളത്തിൽ സിനിമ ചലനമുണ്ടാക്കാത്തത് സംഘ്പരിവാർ സംഘടനകൾക്ക് ക്ഷീണമായി. ഇതിനിടെ ‘ദി റിയൽ കേരള സ്റ്റോറി’ ടാഗുകളുമായി സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു. കേരളത്തിൽ മെയ് 12 മുതൽ 18 വരെ 49 തിയേറ്ററുകളിലാണ് പ്രദർശനം തീരുമാനിച്ചിരുന്നത്. എറണാകുളം ജില്ലയിൽ മാത്രം പത്ത് തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ഇതിൽ തിങ്കളാഴ്‌ച സിനിമ പ്രദർശിപ്പിച്ചതാകട്ടെ ആകെ രണ്ട് തിയേറ്ററുകൾ മാത്രം. ഇവിടെ ആവശ്യത്തിന് ആളുകളും ഉണ്ടായിരുന്നില്ല. ഹിന്ദുത്വ സംഘടനകൾ കൂട്ടത്തോടെ ടിക്കറ്റെടുത്തിട്ടും തിയേറ്ററുകൾ നിറക്കാനായിട്ടില്ല. അതിനാൽ, വൈകാതെ തന്നെ കേരള സ്റ്റോറി തിയേറ്ററുകളോട് വിട പറയുമെന്നാണ് സൂചന.