കൊല്‍ക്കത്ത : ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ വീട്ടിലേക്ക് കൊണ്ടുവന്ന് പിതാവ്. പശ്ചിമബംഗാളിലെ കാളിഗഞ്ചിലാണ് സംഭവം. അസിം ദേവശര്‍മ എന്ന ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിനാണ് ഈ ദുരവസ്ഥ നേരിട്ടത്.
അസിം ദേവശര്‍മയുടെ അഞ്ചുമാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിന് ആംബുലന്‍സ് ഡ്രൈവര്‍ 8000 രൂപയാണ് ആവശ്യപ്പെട്ടത്. ഇത്രയും തുക നല്‍കാന്‍ സാധിക്കാതിരുന്നതിനാല്‍, പിതാവ് കുഞ്ഞിന്റെ മൃതശരീരം തുണിയില്‍ പൊതിഞ്ഞ് ബാഗിലാക്കി, 200 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ച് നാട്ടിലെത്തിക്കുകയായിരുന്നു.
ബംഗാളിലെ മുസ്തഫനഗര്‍ ഗ്രാമപഞ്ചായത്തിലെ ദംഗിപാറ ഗ്രാമത്തിലെ താമസക്കാരാണ് അസിം ദേവശര്‍മയും കുടുംബവും. അസുഖ ബാധയെത്തുടര്‍ന്ന് അസിമിന്റെ ഇരട്ടക്കുട്ടികളെ ആദ്യം കാളിഗഞ്ച് ജനറല്‍ ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് റായ്ഗഞ്ച് മെഡിക്കല്‍ കോളജിലേക്ക് കുട്ടികളെ മാറ്റി. വ്യാഴാഴ്ചയോടെ അസിമിന്റെ ഭാര്യ ഒരു കുട്ടിയുമായി വീട്ടിലേക്ക് പോയി. രണ്ടാമത്തെ കുട്ടി ആശുപത്രിയില്‍ തുടരുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ച് ശനിയാഴ്ച രാത്രി കുട്ടി മരിച്ചു. ഇതേത്തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ അസിം ദേവശര്‍മ മെഡിക്കല്‍ കോളജ് അധികൃതരെ സമീപിച്ചു.
എന്നാല്‍ ആംബുലന്‍സിന് 8000 രൂപ പണം അടയ്ക്കണമെന്ന് അധികൃതര്‍ പറഞ്ഞു. 102 സേവനം രോഗികളെ സൗജന്യമായി എത്തിക്കാനാണെന്നും, മൃതദേഹം കൊണ്ടുപോകാന്‍ അല്ലെന്നുമായിരുന്നു മറുപടി.
ആശുപത്രിയില്‍ ഇതിനോടകം 16,000 രൂപയോളം ചിലവായി. ആംബുലന്‍സിന് ചോദിച്ച 8000 രൂപ നല്‍കാന്‍ ഒരു നിവൃത്തിയും ഉണ്ടായിരുന്നില്ലെന്ന് അസിം പറഞ്ഞു.
ഇതേത്തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹവുമായി അസിം സിലിഗുരിയില്‍ നിന്നും റായ്ഗഞ്ചിലെത്തി. അവിടെ നിന്നും മറ്റൊരു ബസില്‍ താമസസ്ഥലമായ കാളിഗഞ്ചിലെത്തുകയുമായിരുന്നു. സംഭവത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, 'ഇതാണോ ആധുനിക ബംഗാള്‍ മോഡല്‍' എന്നാണ് അധികാരി ചോദിച്ചത്.