തൃശൂർ : അടച്ചിട്ട കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്‌ടാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. വാടാനപ്പിള്ളി സ്വദേശി ബഷീർ ബാബു ആണ് പിടിയിലായത്.
തൃപ്രയാർ പോളി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഫൺ സൂപ്പർ മാർക്കറ്റ്, സമീപത്ത് പ്രവർത്തിക്കുന്ന നാട്ടിക സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് കീഴിലുള്ള കൊതി ഹോട്ട് ചിപ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
എണ്ണായിരത്തോളം രൂപയും, ജ്യുസ്, മിഠായികൾ എന്നിവയും മോഷ്ടാവ് കവർന്നു. വീടിനോട് ചേർന്നുള്ള സ്ഥാപനത്തിന്റെ പുറകുവശത്തെ ഗ്രിൽ തുറന്ന് കിടന്ന നിലയിലായിരുന്നു. മോഷണത്തിന്റെ വിഡിയോ സ്ഥാപനത്തിനകത്തെ നിരീക്ഷണ ക്യാമറയിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ബർമുഡ മാത്രം ധരിച്ച മോഷ്ടാവ് മുഖം തുണികൊണ്ട് മറച്ചിരുന്നു.
സമീപത്തെ കൊതി ഹോട്ട് ചിപ്സ് സ്ഥാപനത്തിൽ നിന്ന് രണ്ടായിരം രൂപയും മോഷ്ടാവ് കവർന്നു. സ്ഥാപനത്തിന്റെ മുൻഭാഗത്തെ ഒരു ഷട്ടറിന്റെ താഴ് കോടാലി ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യത്തില്‍ നിന്നാണ് പ്രതിയിലേക്ക് എളുപ്പത്തില്‍ പൊലീസിന് എത്താനായത്.