തോപ്പുംപടി ഹാർബർ പാലത്തിൽ യുവാവിനെ വാഹനമിടിച്ചു വീഴ്ത്തിയ സംഭവത്തിൽ കടവന്ത്ര സ്റ്റേഷൻ ഇൻസ്പെക്ടർ ജി പി. മനുരാജിന് സ്ഥലം മാറ്റം.

കാസർകോട് ജില്ലയിലെ ചന്തേരയിലേക്കാണ് മനു രാജിനെ സ്ഥലംമാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. 
മനുരാജ് ഓടിച്ച വാഹനമിടിച്ച് യുവാവിന് പരുക്കേറ്റ സംഭവം വിവാദമായതോടെ തോപ്പുംപടി പൊലീസ് കേസ് എടുത്തിരുന്നു. 
അന്വേഷണത്തിനു മട്ടാഞ്ചേരി എ സി പി കെ ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയും നിയോഗിച്ചു.
മനുരാജും സുഹൃത്തായ വനിതാ ഡോക്ടറും സഞ്ചരിച്ച കാറിടിച്ച് പാണ്ടിക്കുടി ഇല്ലിപ്പറമ്പിൽ വിമൽ ജോളി (29) എന്ന യുവാവിനാണ് പരുക്കേറ്റത്. 
വനിതാ ഡോക്ടറുടെ പേരിലുള്ള വാഹനം അപകട സമയത്ത് ഓടിച്ചിരുന്നത് മനുരാജായിരുന്നു. അപകടത്തെ തുടർന്ന് വാഹനം നിർത്താതെ പോയത് വൻ വിവാദമായിരുന്നു. പൊലീസ് കേസെടുക്കാൻ വിമുഖത കാട്ടിയതും വിവാദമായി. സമ്മർദ്ദം കനത്തതോടെയാണ് ഒടുവിൽ തോപ്പുംപടി പൊലീസ് കേസെടുത്തത്. 
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ എന്ന നിലയിലാണ് 279, 337, 338 വകുപ്പുകൾ ചുമത്തിയുള്ള കേസെന്നു തോപ്പുംപടി പൊലീസ് അറിയിച്ചു.
Previous Post Next Post