കൊച്ചി : ദി കേരള സ്‌റ്റോറി ചരിത്രപരമായ വസ്തുതകളല്ല, കഥ മാത്രമല്ലേയെന്ന് ഹൈക്കോടതി. ഇത്തരമൊരു ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് കേരള സമൂഹത്തിന് എന്തു സംഭവിക്കാനാണെന്ന് ജസ്റ്റിസ് എന്‍ നഗരേഷും സോഫി തോമസും അടങ്ങിയ ബെഞ്ച് ചോദിച്ചു.
കേരള സ്‌റ്റോറിക്ക് എതിരായ ഹര്‍ജികളുടെ വാദത്തിനിടെയാണ് ബെഞ്ചിന്റെ പരാമര്‍ശം.
പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണത്. കേരള സമൂഹം മതേതരമാണെന്ന് കോടതി പറഞ്ഞു.
ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിക്കുന്ന സിനിമ വന്നിട്ടുണ്ട്. ഒന്നും സംഭവിച്ചില്ല. ഒരാളും ഒന്നും പറഞ്ഞില്ല. ഹിന്ദിയിലും മലയാളത്തിലുമൊക്കെ ഇത്തരം സിനിമകള്‍ കണ്ടിട്ടില്ലേയെന്ന് കോടതി ചോദിച്ചു.
ഒരു സമുദായത്തിന് മൊത്തത്തില്‍ എതിരായി എന്താണ് സിനിമയില്‍ ഉള്ളതെന്ന് ജസ്റ്റിസ് നഗരേഷ് ആരാഞ്ഞു. ട്രെയ്‌ലറില്‍ ഐഎസിന് എതിരായി ആണ് പരാമര്‍ശങ്ങള്‍. ഇസ്ലാമിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു. ട്രെയ്‌ലര്‍ നവംബറില്‍ പുറത്തുവന്നതാണ്. ഇപ്പോഴാണോ കോടതിയെ സമീപിക്കുന്നതെന്നും ബെഞ്ച് ചോദിച്ചു.
ചിത്രത്തില്‍ മുസ്ലിം സമുദായത്തെ വില്ലനായി ചിത്രീകരിക്കുകയാണെന്ന്, ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ വച്ച് ഒരു സമൂദായത്തെ മൊത്തം മോശമായി കാണിക്കുകയാണെന്ന് ദവെ വാദിച്ചു.