കയ്പമംഗലത്ത് എസ്.ഐയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കയ്പമംഗലം ചളിങ്ങാട് പള്ളിനട സ്വദേശി വലിയകത്ത് വീട്ടില്‍ സാലിഹ് ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈവേ പോലീസ് ചാര്‍ജുള്ള എസ്.ഐ സി.കെ.ഷാജുവിനാണ് ദേഹോപദ്രവമേറ്റത്. മൂന്നുപീടിക അറവുശാല ദേശീയ പാതയില്‍ അനധികൃതമായ പാര്‍ക്ക് ചെയ്തിരുന്ന തടി ലോറി മാറ്റിയിടുവാന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണം. ഇതേ തുടര്‍ന്ന് എസ്.ഐയും ലോറി ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും എസ്.ഐയെ പ്രതി തള്ളിയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് കയ്പമംഗലം എസ്.എച്ച്.ഒ കൃഷ്ണ പ്രസാദും സംഘവും ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.