ദേവികയെ വിളിച്ചുവരുത്തി, ബലംപ്രയോഗിച്ച് സതീഷ് ലോഡ്ജിലേക്ക് കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

 

 കാഞ്ഞങ്ങാട് : യുവതിയെ ലോഡ്ജിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്. ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ച് ലോഡ്ജിൽ എത്തിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. 

ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ വിളിച്ച് വരുത്തി ബലംപ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങൾ.

 കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

 ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവിക പതിനാറാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജില്‍ എത്തിച്ച യുവതിയെ കാമുകന്‍ ബോവിക്കാനം സ്വദേശി സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കൊല നടത്തിയ ശേഷം സതീഷ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ചോരയൊലിക്കുന്ന കത്തിയുമായാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്. 

വിവാഹിതരായ ഇരുവരും ഒൻപതു വർഷമായി പ്രണയത്തിലായിരുന്നു. തന്‍റെ കുടുംബ ജീവിതത്തിന് ദേവിക തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. തന്റെ ഭാര്യയെ വിവാഹമോചനം നടത്താൻ ദേവിക നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും സതീഷ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ദേവികയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.


Previous Post Next Post