ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; അനുമതി നല്‍കി സുപ്രീംകോടതി


 
 ന്യൂഡല്‍ഹി : ജല്ലിക്കെട്ട് നിയമ വിധേയമാക്കിക്കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമം ശരിവെച്ച് സുപ്രീംകോടതി. 
തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. 

ജല്ലിക്കെട്ട് നിയമ വിധേയമാക്കിയതിന് എതിരെ മൃഗസ്‌നേഹികളുടെ സംഘടനയായ 'പെറ്റ' ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

സംഘടനകളുടെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.

Previous Post Next Post