റാഞ്ചി : അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ അപേക്ഷ ജാര്‍ഖണ്ഡിലെ റാഞ്ചി എംപി-എംഎല്‍എ കോടതി തള്ളി.
രാഹുലിന്റെ മോദി പരാമര്‍ശത്തിനെതിരെ അഡ്വ. പ്രദീപ് മോദി എന്നയാളാണ് 2019ല്‍ റാഞ്ചി കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി എന്നു പേരുള്ള എല്ലാവര്‍ക്കും അപമാനകരമാണെന്ന് ഹര്‍ജിയില്‍ പ്രദീപ് മോദി കുറ്റപ്പെടുത്തി.
മോദി പരാമര്‍ശത്തില്‍ ജാര്‍ഖണ്ഡില്‍ മാത്രം രാഹുല്‍ഗാന്ധിക്കെതിരെ കോടതികളില്‍ മൂന്നു അപകീര്‍ത്തി കേസുകളാണ് നിലവിലുള്ളത്. ചാലിബാസയില്‍ ഒരെണ്ണവും റാഞ്ചില്‍ രണ്ടെണ്ണവും.
2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്' രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.