തൃശൂർ : ട്രെയിനിൽ യാത്രക്കാരനെ സഹയാത്രികൻ ആക്രമിച്ചു. പരപ്പനങ്ങാടി സ്വദേശി ദേവദാസ് (ദേവൻ) എന്നയാൾക്കാണ് പരിക്കേറ്റത്. വാക്കുതർക്കത്തെ തുടർന്ന് സഹയാത്രികൻ അസീസ് ദേവനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മരു സാഗർ എക്സ്പ്രസ്സിൽ വച്ചാണ് സംഭവം. പ്രതി ഗുരുവായൂർ സ്വദേശി അസീസ് പിടിയിലായി.
ഇന്നലെ രാത്രി 10:50ന് മരുസാഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം സിഗ്നലിന് മുന്നിലായി ട്രെയിൻ നിർത്തിയ സമയത്ത് അസീസ് ട്രെയിനിന് പുറത്തേക്കിറങ്ങി പുറത്ത് കിടന്നിരുന്ന ചില്ല് കുപ്പിയെടുത്ത് വീണ്ടും ട്രെയിനിൽ കയറി. കുപ്പി പൊട്ടിച്ച് അസീസ് ദേവനെ കുത്തി പരിക്കേൽപ്പിച്ചു. ദേവന്റെ കണ്ണിനോട് ചേർന്നാണ് കുത്തേറ്റത്. പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അസീസിനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആർപിഎഫ് പിടികൂടി.
ദേവനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.