ഹിരോഷിമ : ജപ്പാനിലെ പ്രധാന നഗരമായ ഹിരോഷിമയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.
മഹാത്മാഗാന്ധി മുന്നോട്ടുവച്ച അഹിംസ എന്ന ആശയത്തിലൂടെ സഞ്ചരിക്കണമെന്ന് പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ജി7 ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ എത്തിയത്.
ഇത്തവണത്തെ ജി7 ഉച്ചകോടിക്ക് ഹിരോഷിമയാണ് ആതിഥേയത്വം വഹിക്കുന്നത്. മെയ് 19 മുതൽ ആരംഭിച്ച ജി7 ഉച്ചകോടി മെയ് 21ന് സമാപിക്കും. ആണവ നിരായുധീകരണം, സാമ്പത്തിക പ്രതിരോധം, സാമ്പത്തിക സുരക്ഷ, പ്രാദേശിക പ്രശ്നങ്ങൾ, കാലാവസ്ഥ, ഊർജ്ജം, ഭക്ഷണം, ആരോഗ്യ വികസനം എന്നീ വിഷയങ്ങളാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ.
ഫ്രാൻസ്, യുഎസ്, ബ്രിട്ടൻ, ജർമ്മനി, ജപ്പാൻ, ഇറ്റലി, കാനഡ എന്നീ അംഗരാജ്യങ്ങളാണ് ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.