കരാറുകാരനെ ആക്രമിച്ച് കവർച്ച… ക്വട്ടേഷൻ സംഘത്തിലെ 3 പേർ അറസ്റ്റിൽ

ബൈക്കിൽ വീട്ടിലേക്കു വരികയായിരുന്ന കരാറുകാരനെ പിന്തുടർന്നെത്തി ഇടിച്ചു വീഴ്ത്തി, ബൈക്കും രണ്ടു മൊബൈൽ ഫോണുകളും പണവും കവർന്ന ഏഴംഗ ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. പാലക്കാട് കല്ലിങ്കലിൽ താമസിക്കുന്ന കൽമണ്ഡപം വടക്കുംമുറി മുഹമ്മദ് ഹാരിസ് (33), കൊഴിഞ്ഞാംപാറ സ്വദേശി സിക്കന്തർ ബാഷ (35), കോട്ടായി ഓടനൂരിൽ താമസിക്കുന്ന കരിമ്പുഴ സ്വദേശി ജിൻഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്.മൂന്നു പേരെയും ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഏപ്രിൽ 6ന് പട്ടാപ്പകൽ തൃക്കടീരി പഞ്ചായത്ത് ഓഫിസ് പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചാണ് പനമണ്ണ അമ്പലവട്ടം സ്വദേശിയായ കരാറുകാരൻ കെ.എം.ഗോപാലകൃഷ്ണനെ 4 ബൈക്കുകളിലായി പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചത്. ഗോപാലകൃഷ്ണന്റെ കണ്ണിലേക്ക് പൂഴി വാരിയിട്ടശേഷം സംഘം സ്ഥലം വിടുകയായിരുന്നു.തട്ടിയെടുത്ത ബൈക്കും ക്വട്ടേഷൻ സംഘം ഉപയോഗിച്ചിരുന്ന നാലു ബൈക്കുകളിൽ ഒരെണ്ണവും പണവും പൊലീസ് കണ്ടെടുത്തു. എന്നാൽ, ഗോപാലകൃഷ്ണന്റെ മൊബൈൽ ഫോണുകൾ കണ്ടെടുക്കാനായിട്ടില്ല. സംഘത്തിലെ മറ്റു നാലു പേർ ഒളിവിലാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മണ്ണാർക്കാട് ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നിർദേശ പ്രകാരം ചെർപ്പുളശ്ശേരി പൊലീസ് ഇൻസ്പെക്ടർ ടി.ശശികുമാർ, എസ്ഐ ബി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.ഈ ക്വട്ടേഷൻ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന പ്രമുഖരുടെ നിർദേശം ലഭിക്കുന്നതിനനുസരിച്ച് കുഴൽപണ വിതരണ സംഘത്തെ പിന്തുടർന്ന് ആക്രമിച്ച് പണവും വാഹനവും തട്ടിയെടുക്കലാണ് സംഘത്തിന്റെ പതിവുരീതിയെന്നും കരാറുകാരൻ ഗോപാലകൃഷ്ണന്റെ കൈവശം പണം ഉണ്ടെന്ന വിവരം ലഭിച്ചാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. തട്ടിയെടുത്ത ബൈക്കിന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കുലുക്കല്ലൂരിൽ സംഘം കുഴൽപണം തട്ടിയെന്നും സംഘം ഉപയോഗിച്ച നാലു ബൈക്കുകളുടെയും നമ്പരും ഇവർ 7 പേരും ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകളുടെ വിലാസവും വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. കുഴൽപ്പണ വിതരണക്കാരെയും പണം കൈവശം വയ്ക്കുന്നവരെയും കണ്ടെത്തി ആക്രമിക്കുന്ന ഈ സംഘത്തിന് പിന്നിൽ പ്രമുഖരുണ്ടെന്നാണു പൊലീസ് നൽകുന്ന സൂചന.
أحدث أقدم