കറുകച്ചാൽ: ചേനപ്പാടിക്ക് പിന്നാലെ നെടുംകുന്നം, കറുകച്ചാൽ മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9.55-ഓടെയായിരുന്നു ഇടിമുഴക്കത്തിന് സമാനമായി സെക്കന്റുകൾ നീണ്ടു നിന്ന മുഴക്കം ഉണ്ടായത്. കൂടാതെ നിലത്തു നിന്നും തരിപ്പ് അനുഭവപ്പെട്ടതായും ആളുകൾ പറയുന്നു. ജനാലകളും വീട്ടുപകരണങ്ങളുമടക്കം കുലുങ്ങിയതോടെയാണ് പലരും വിവരമറിഞ്ഞത്. കറുകച്ചാൽ, നെടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻകുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് ഉഗ്ര ശബ്ദത്തോടെ മുഴക്കവും കുലുക്കവും ഉണ്ടായത്. ഭൂമികുലുക്കമെന്ന് കരുതി ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങി നിന്നു.