കോട്ടയത്തെ ബസ് തൊഴിൽ തർക്കം പരിഹരിച്ചു

കോട്ടയം : കോട്ടയം ടി സി എം വെട്ടിക്കുളങ്ങര ബസുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചു. തൊഴിലും -പൊതുവിദ്യാഭ്യാസവും വകുപ്പ്  മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.

ഉടമയുടെ നാലു ബസുകളിലും ഓരോ മാസം ഇടവിട്ട് മാസം ഡ്രൈവർക്ക് 15 ദിവസവും കണ്ടക്ടർക്ക് 17 ദിവസവും മിനിമം തൊഴിൽ ഉറപ്പാക്കും. ജൂലൈ മൂന്ന് മുതൽ തൊഴിലാളികൾ ജോലിയിൽ തിരികെ പ്രവേശിക്കും. കൂലി വർധന സംബന്ധിച്ച വിഷയത്തിൽ തൽസ്ഥിതി തുടരും. ഈ വ്യവസ്ഥകളുള്ള ഒത്തുതീർപ്പ് കരാർ നാലു മാസത്തേക്കാണ് ബാധകമാകുക. നാലു മാസത്തിനുശേഷം കണക്കുകൾ, രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിച്ച് അന്തിമ തീർപ്പ് എടുക്കും. ഇതിന് ഇരുകക്ഷികളും സമ്മതം അറിയിച്ചു. ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ മേയ് 16ന് തയാറാക്കിയ കരാർ വ്യവസ്ഥകൾ നിലനിൽക്കും. യോഗത്തിലുണ്ടായ ഒത്തുതീർപ്പു വ്യവസ്ഥകൾ അംഗീകരിച്ച് തർക്കം രമ്യമായി പരിഹരിക്കാൻ തയാറാണെന്ന് തൊഴിലാളികളും തൊഴിലാളി സംഘടന പ്രതിനിധികളും തൊഴിലുടമയും തൊഴിലുടമ സംഘടന പ്രതിനിധികളും യോഗത്തിൽ അറിയിച്ചിട്ടുണ്ട്. 

യോഗത്തിൽ ജില്ലാ ലേബർ ഓഫീസർ മിനോയ് ജെയിംസ്, കോട്ടയം ജില്ലാ മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു. പ്രസിഡന്റ് പി.ജെ. വർഗീസ്, സെക്രട്ടറി സി.എൻ. സത്യനേശൻ, തൊഴിലുടമ രാജ്‌മോഹൻ വെട്ടിക്കുളങ്ങര, കെ.ഡി.പി.ബി.ഒ.എ. സെക്രട്ടറി കെ.എസ്. സുരേഷ്, വൈസ് പ്രസിഡന്റ് ഡാന്റിസ് അലക്‌സ്, കെ.ഡി.പി.ബി.എ. വൈസ് പ്രസിഡന്റ് ജാക്‌സൺ സി. ജോസഫ്, സി.ഐ.ടി.യു.വിന്റെ സക്കീർ ഹുസൈൻ, കെ.കെ. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post