അശ്വതി ഡോക്ടർ കാടിറങ്ങുന്നു. ...നിലമ്പൂർ മൊബൈൽ ഡിസ്പെൻസറിയിലെ ഡോ. അശ്വതി സോമനാണ്‌ ആറുവർഷത്തെ സേവനത്തിനുശേഷം സ്ഥലമാറി പോവുന്നത്‌


നിലമ്പൂർ: കാടും മലയും പുഴയും താണ്ടി ഊരുകളിലെ ആരോ​ഗ്യം കാത്തൂസൂക്ഷിച്ച അശ്വതി ഡോക്ടർ കാടിറങ്ങുന്നു. നിലമ്പൂർ മൊബൈൽ ഡിസ്പെൻസറിയിലെ ഡോ. അശ്വതി സോമനാണ്‌ ആറുവർഷത്തെ സേവനത്തിനുശേഷം തൃപ്പനച്ചി പിഎച്ച്സിയിലേക്ക് സ്ഥലമാറി പോവുന്നത്‌. പാലക്കാട് കോട്ടപ്പുറം പിഎച്ച്സിയിൽ ജോലിചെയ്യുമ്പോഴാണ് ഡോ. അശ്വതി നിലമ്പൂർ കാടിനെ കുറിച്ചും ഊരിലെ ആദിവാസി കുടുംബങ്ങളെ കുറിച്ചും മനസ്സിലാക്കുന്നത്.  2017ൽ നിലമ്പൂരിലെ മൊബൈൽ ഡിസ്പെൻസറിയിലേക്ക് സ്ഥലം മാറ്റം ചോദിച്ചുവാങ്ങി. ഇച്ഛാശക്തിയും സമർപ്പണബോധവും അശ്വതിയെ ആദിവാസികളുടെ പ്രിയ ഡോക്ടറാക്കി. പലവട്ടം കാട്ടാനകൾക്ക് മുമ്പിൽപ്പെട്ടെങ്കിലും സേവനത്തിൽനിന്ന്‌ പിന്തിരിഞ്ഞില്ല.  ദിവസവും നൂറിലേറെ കിലോമീറ്ററുകൾ സഞ്ചരിച്ച്‌ ചികിത്സ തുടർന്നു. കോവിഡ് കാലത്തും ഊരുകളിൽ  സജീവമായി. സർക്കാരിൽനിന്ന് ലഭിക്കേണ്ട ഫണ്ടുകൾ കൃത്യമായി ലഭിക്കുന്നുണ്ടോ, അടിസ്ഥാന സൗകര്യങ്ങൾ കിട്ടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയും പ്രശ്‌നങ്ങൾ കണ്ടാൽ ബന്ധപ്പെട്ടവരെ അറിയിച്ച് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കവളപ്പാറ ദുരന്തത്തിന്റെ  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നണിപോരാളിയായിരുന്നു.
Previous Post Next Post