കേരള സ്റ്റാർട്ടപ് മിഷൻ ഇൻഫിനിറ്റി സെന്‍റർ മുഖ്യമന്ത്രി ദുബായിൽ ഉദ്ഘാടനം ചെയ്യും



ദുബായ്∙ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് അഞ്ചിന്  ദുബായ് താജ് ഹോട്ടലിൽ കേരള സ്റ്റാർട്ടപ് മിഷൻ വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി ജോയി അധ്യക്ഷനാകും. സംസ്ഥാന ഐടി സെക്രട്ടറി രത്തന്‍ യു. കേല്‍ക്കര്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സുഞ്ജോയ് സുധീര്‍,  കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക ,  ദുബായ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ. അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫ് അലി, ആസ്റ്റര്‍ ഡിഎം എംഡി ആസാദ് മൂപ്പന്‍, ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി. കെ. മാത്യൂസ്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 
വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ഏകദേശം 32 ദശലക്ഷത്തിലേറെ പ്രവാസികളാണ് വിവിധ വിദേശ രാജ്യങ്ങളിലുള്ളത്. പ്രതിവര്‍ഷം 78 ബില്യണ്‍ ഡോളര്‍  പ്രവാസി സമൂഹം കേരളത്തിന്റെ സമ്പദ്  വ്യവസ്ഥയിലേയ്ക്ക് നൽകുന്നു. ഇത് ഉപയോഗപ്പെടുത്തി കേരളത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനും പ്രവാസി സമൂഹത്തിന്‍റെ വിപുലമായ സംഭാവനകള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ആഗോള ഡെസ്കായി പ്രവര്‍ത്തിക്കും.
Previous Post Next Post