കത്തുകൾ മേല്‍വിലാസക്കാര്‍ക്ക് നൽകാതെ പോസ്റ്റുമാൻ… ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടമായി


പാലക്കാട്: തപാൽ ഓഫീസിലേയ്‌ക്ക് വന്ന കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ചുവെച്ച് പോസ്റ്റുമാൻ. പാലക്കാട്‌ ആയിലൂർ പയ്യാങ്കോടാണ് സംഭവം. പി.എസ്.സിയിൽ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെ തുടർന്ന് പറയംപള്ളി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് പോസ്റ്റുമാന്റെ ക്രൂരത പുറത്തു വന്നത്.

മൂന്ന് മാസത്തോളമായി മേൽവിലാസക്കാർക്ക് കത്തുകൾ ഇയാൾ കൈമാറിയിട്ടില്ല. വായ്പ്പാകുടിശിക കത്തുകൾ, എടിഎം കാർഡുകൾ, ബാങ്ക് ചെക്ക് പോസ്റ്റുകൾ, ആധാർ കാർഡുകൾ, ആനുകാലികങ്ങൾ, നിയമന കത്തുകൾ എന്നിവയെല്ലാം സബ് ഓഫീസിൽ ചാക്കിലാക്കിയും വീട്ടിൽ സഞ്ചികളിലാക്കിയും കൂട്ടിയിട്ടിരിക്കുകയായിരുന്നു. സംഭവം പുറത്തതോടെ പോസ്റ്റുമാൻ കണ്ടമുത്തനെ ജോലിയിൽ നിന്ന് മാറ്റി.

കൃത്യ സമയത്ത് നിയമന കത്തുകൾ എത്തിക്കാത്തതിനാൽ പലർക്കും ജോലി നഷ്ടമായിട്ടുണ്ട്. നെന്മാറ കയറാടി പോസ്റ്റ് ഓഫീസിനെതിരെ ഇതിന് മുമ്പും പരാതികൾ ഉയർന്നിരുന്നു. പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം കൃത്യമായി അല്ല നടക്കുന്നതെന്നും ഓഫീസിൽ എത്തുന്നവരോട് മാന്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
Previous Post Next Post