മാതാപിതാക്കൾ ആത്മഹത്യ ചെയ്തു : മാതാപിതാക്കളുടെ മൃതദേഹത്തിനിടയില്‍ മൂന്ന് ദിവസം അതിജീവിച്ച് നവജാതശിശു


ഡെറാഡൂണില്‍ 25 കാരനും അയാളുടെ ഭാര്യയായ 22 കാരിയുടേയും അഴുകിയ മൃതദേഹത്തിന് ഇടയില്‍ നിന്നുമാണ് അത്ഭുതശിശുവിനെ പോലീസ് ജീവനോടെ കണ്ടെത്തിയത്.

മൂന്ന് ദിവസം മുമ്പ് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുഞ്ഞിന് ആറു ദിവസം പ്രായമുണ്ട്. ഭക്ഷണമോ വെള്ളമോ കൂടാതെ ഇത്രയും ദിവസം അഴുകി ദുര്‍ഗ്ഗന്ധം വമിക്കുന്ന നിലയിലുള്ള മൃതദേഹങ്ങള്‍ക്ക് ഇടയില്‍ കുഞ്ഞ് കിടക്കുകയായിരുന്നു.

ഉടന്‍ തന്നെ കുഞ്ഞിനെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിര്‍ജ്ജലീകരണം ഉണ്ടായി എന്നതൊഴിച്ചാല്‍ കുഞ്ഞിന് മറ്റൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ഉത്തര്‍പ്രദേശ് സഹാരന്‍പൂര്‍ സ്വദേശിയായ കാഷിഫും ഭാര്യ അനമും ആണ് മരണമടഞ്ഞത്. രണ്ടു ദിവസമായി ഇവരുടെ വീട് തുറക്കാതെ വരികയും വീട്ടിനുള്ളില്‍ നിന്നും ദുര്‍ഗ്ഗന്ധം വമിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് വന്ന് വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഞെട്ടിക്കുന്ന രംഗം കണ്ടത്. ജൂണ്‍ 8 നായിരുന്നു കുഞ്ഞ് പിറന്നത്. ക്രെയിന്‍ ഓപ്പറേറ്ററാണ് കാഷിഫ്. അനം വീട്ടമ്മയും. ഒരു വര്‍ഷംമുമ്പ് വിവാഹിതരായ ഇരുവരും ഒരു മാസം മുമ്പാണ് ടര്‍ണര്‍ റോഡിലുള്ള വാടകവീട്ടില്‍ താമസിക്കാന്‍ എത്തിയത്. നിര്‍ജ്ജലീകരണം സംഭവിച്ച അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് ഉടന്‍ തന്നെ ഫ്‌ളൂയിഡ് കുത്തിവെച്ചു.

കുട്ടിയുടെ ശരീരത്ത് ഏതെങ്കിലും തരത്തിലുള്ള മുറിവുകളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സാമ്പത്തീക ബാദ്ധ്യതയാകാം കാഷിഫിനെയും ഭാര്യയേയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്
أحدث أقدم