അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ആറുപേർ പിടിയിൽ. സ്കൂൾ വിദ്യാർത്ഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് പ്രതികളെ പിടികൂടിയത്. രണ്ടുപ്രതികളെ ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരിയാണ്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സംഭവം