തലയോട്ടികളും അസ്ഥികളും ഫേസ്ബുക്കിലൂടെ വില്‍പന നടത്തിയ 40കാരന്‍ പിടിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് വിധേയമായ മൃതദേഹങ്ങളുടെ അടക്കം തലയോട്ടികളാണ് വില്‍പനയ്ക്ക് വച്ചത്

യു .എസ് .എ : തലയോട്ടികളും  അസ്ഥികളും ഫേസ്ബുക്കിലൂടെ വില്‍പന നടത്തിയ 40കാരന്‍ പിടിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് വിധേയമായ മൃതദേഹങ്ങളുടെ അടക്കം തലയോട്ടികളാണ് വില്‍പനയ്ക്ക് വച്ചത്. ജെയിംസ് നോട്ട് എന്ന നാല്‍പതുകാരനാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ വീട് പരിശോധനയ്ക്ക് എത്തിയ എഫ്ബിഐ സംഘത്തിന് 40 തലയോട്ടികളാണ് ഇയാളുടെ വസതിയില്‍ നിന്ന് കണ്ടെത്താനായത്. ഇയാളുടെ കിടക്കയില്‍ നിന്നും തലയോട്ടി കണ്ടെത്തിയിട്ടുണ്ട്.

തലയോട്ടിക്ക് പുറമേ, നട്ടെല്ല്, ഇടുപ്പെല്ല്, തുടയെല്ല് അടക്കമുള്ളവയാണ് പൊലീസ് സംഘം കണ്ടെത്തിയിട്ടുള്ളത്. തനിക്കൊപ്പം മരിച്ചുപോയ കുറച്ച് സുഹൃത്തുക്കളാണ് താമസിക്കുന്നതെന്നായിരുന്നു ഇയാള്‍ പൊലീസിനോട് വിശദമാക്കിയത്. വീട്ടിലെ ഉപകരണങ്ങളുടെ രീതിയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ ഉപയോഗിച്ചിരുന്നത്. ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. റൈഫിളും റിവോള്‍വറും അടക്കമുള്ള ആയുധങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബോംബ് നിര്‍മ്മാണ സാമഗ്രഹികളും എകെ 47 തോക്കുകളും 308 വെടിയുണ്ടകളും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ മാസത്തില്‍ പിടികൂടിയ മനുഷ്യാവശിഷ്ട വ്യാപാരവുമായി ജെയിംസിന് ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസുള്ളത്. പോസ്റ്റ് മോര്‍ട്ടം ചെയ്തതിന്‍റെ പാടുകളോട് കൂടിയ തലയോട്ടികളും ജെയിംസിന്‍റെ ശേഖരത്തിലുണ്ട്. ഏതെങ്കിലും മോര്‍ച്ചറിയുമായി ബന്ധപ്പെട്ടാണ് ജെയിംസ് ഇവ സ്വന്തമാക്കിയതെന്നാണ് സംശയിക്കപ്പെടുന്നത്. മനുഷ്യ മുഖത്തെ തൊലി നീക്കം ചെയ്ത് അതില്‍ നിന്ന് തുകല്‍ നിര്‍മ്മിച്ചിരുന്നയാളെ കഴിഞ്ഞ മാസം ഇവിടെ അറസ്റ്റ് ചെയ്തിരുന്നു. ജെറമി പോളി എന്നയാളാണ് അറസ്റ്റിലായത്.


ഇയാളും ജെയിംസില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ വാങ്ങിയതായാണ് സംശയം. അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒഴികെ എവിടേക്കും മൃതദേഹാവശിഷ്ടങ്ങള്‍ ജെയിംസ് എത്തിച്ച് നല്‍കിയിരുന്നതായാണ് സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളില്‍ നിന്ന് വ്യക്തമാവുന്നത്. ടെന്നസി, ജോര്‍ജിയ, ലൂസിയാന എന്നിവിടങ്ങളിലേക്കാണ് മൃതദേഹാവശിഷ്ടങ്ങള്‍ എത്തിക്കാത്തത്. വില്യം ബര്‍ക്കി എന്ന വ്യാജ പേരിലായിരുന്നു ജെയിംസ് സമൂഹമാധ്യമങ്ങളില്‍ ഇടപെട്ടിരുന്നത്
أحدث أقدم