83 വയസ്സായി, ഇനി നിര്‍ത്തിക്കൂടെ?'; ശരദ് പവാറിന് എതിരെ അജിത് പവാര്‍

'
 
മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് എതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ബിജെപിയില്‍ നേതാക്കള്‍ 75ാം വയസ്സില്‍ വിരമിക്കും. നിങ്ങള്‍ എപ്പോഴാണ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പോകുന്നത്?'- ശരദ് പവാറിന് 83 വയസ്സായത് സൂചിപ്പിച്ച് അജിത് പവാര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരു ഇന്നിങ്‌സ് ഉണ്ട്. ഏറ്റവും മികച്ച സമയം 25 വയസ്സുമുതല്‍ 75വരെയാണ്- അദ്ദേഹം പറഞ്ഞു. 

' 2004ല്‍ നമുക്ക് കോണ്‍ഗ്രസിനെക്കാള്‍ എംഎല്‍എമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി. നമുക്ക് സാഹിബ്(ശരദ് പവാര്‍) ദൈവത്തെ പോലെയാണ്. അദ്ദേഹത്തോട് എല്ലാവര്‍ക്കും ബഹുമാനമാണ്.'- അദ്ദേഹം പറഞ്ഞു. 

60 വയസ്സില്‍ ഐഎഎസ് ഓഫീസര്‍മാര്‍ വിരമിക്കും. ബിജെപിയില്‍ പോലും വിരമിക്കല്‍ പ്രായം 75ആണ്. മുരളി മനോഹര്‍ ജോഷിയേയും എല്‍ കെ അഡ്വാനിയേയും നിങ്ങള്‍ക്ക് ഉദാഹരണമായി കാണാം. നിങ്ങള്‍ക്കിപ്പോള്‍ 83 വയസ്സായി. നിങ്ങള്‍ അവസാനിപ്പിക്കുന്നില്ല? നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണം. നിങ്ങളുടെ ദീര്‍ഘായുസ്സിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും'- ശരദ് പവാറിന്റെ പേര് എടുത്ത് പറയാതെ അജിത് പവാര്‍ പറഞ്ഞു. 

മഹാരാഷ്ട്രയില്‍ രണ്ട് എന്‍പിസി വിഭാഗങ്ങളും ഇന്ന് ശക്തിപ്രകടന യോഗങ്ങള്‍ വിളിച്ചിരുന്നു. അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 32 എംഎല്‍എമാരാണ് പങ്കെടുത്തത്. 5 എംപിമാരും 3 എംഎല്‍സിമാരും അജിത് പവാറിന്റെ യോഗത്തില്‍ പങ്കെടുത്തു. 13 എംഎല്‍എമാരാണ് ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് എത്തിയത്. നാല്‍പ്പത് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെട്ടിരുന്നത്. 53 എംഎല്‍എമാരാണ് എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ ഉള്ളത്.


Previous Post Next Post