കൊച്ചി : മെഷീൻ ലേണിങ്ങിലൂടെ ജാമ്യാപേക്ഷകളിൽ അപാകതകളുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം അടുത്ത തിങ്കളാഴ്ച മുതൽ ഹൈക്കോടതിയിൽ നിലവിൽ വരും. ‘ഓട്ടോ സ്ക്രൂട്ടിനി’ എന്ന ഓപ്ഷനാണു ജാമ്യാപേക്ഷകൾ പരിശോധിക്കാനായി നിലവിൽ വരിക. നിലവിലെ ‘സ്ക്രൂട്ടിനി ബൈ ഫയലിങ് സ്ക്രൂട്ടിനി ഓഫിസർ’ എന്ന ഓപ്‌ഷൻ ഈ മാസം അവസാനം വരെയുണ്ടാകും.
നിലവിൽ, ജാമ്യാപേക്ഷകൾ പരിശോധിക്കാൻ പത്ത് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പകരമായാണു പുതിയ സംവിധാനം. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം നടപ്പാക്കുന്നത്. മെഷീൻ സ്ക്രൂട്ടിനി മൊഡ്യൂളിന്റെ പ്രവർത്തനം വിശകലനം ചെയ്ത ശേഷം അടുത്ത മാസം ആദ്യം മുതൽ ഈ സംവിധാനത്തിലേക്ക് മാറാനാണ് നീക്കം.
ഹൈക്കോടതിയിലെ ഐടി വിഭാഗമാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. തിങ്കളാഴ്ച മുതൽ നിശ്ചിത മാതൃകയിലായിരിക്കണം ജാമ്യാപേക്ഷകൾ ഫയൽ ചെയ്യേണ്ടത്.