മൊബൈൽ ഫോണ്‍ തട്ടിപ്പറിക്കാൻ ശ്രമം…യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു


മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു പരിക്കേറ്റ യുവതി മരിച്ചു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 22കാരിയായ പ്രീതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെന്നൈയില്‍ ലോക്കൽ ട്രെയിനിലാണ് സംഭവം. ചെന്നൈ ഇന്ദിരാ നഗർ സ്റ്റേഷനിൽ ട്രെയിനിന്‍റെ ഡോറിനടുത്ത് നിന്ന് ഫോണിൽ സംസാരിക്കുമ്പോഴാണ് രണ്ട് പേര്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. പിടിവലിക്കിടെ യുവതി പ്ലാറ്റ്ഫോമിലേക്ക് വീണു. യുവതി വീഴുന്നത് കണ്ടിട്ടും മോഷ്ടാക്കള്‍ ഫോണുമായി സ്ഥലം വിട്ടു.

സൈബർ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ പ്രീതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പൊലീസ് ട്രാക്ക് ചെയ്തു. ബസന്ത് നഗറിലെ ഒരു കടയിൽ ജോലി ചെയ്യുന്ന രാജു എന്ന ആളിലാണ് അന്വേഷണം ചെന്നെത്തിയത്. താന്‍ 2000 രൂപ നൽകി രണ്ടു പേരില്‍ നിന്ന് ഫോൺവാങ്ങിയതാണെന്ന് ചോദ്യംചെയ്യലിൽ രാജു വെളിപ്പെടുത്തി.
തുടര്‍ന്ന് മണിമാരൻ, വിഘ്‌നേശ് എന്നിവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തി. പ്രീതിയിൽ നിന്ന് തങ്ങളാണ് ഫോൺ തട്ടിപ്പറിച്ചതെന്ന് ഇരുവരും സമ്മതിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
أحدث أقدم