ചെങ്ങന്നൂര്‍: പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തല്‍ മുഴക്കിയാളെ പിടികൂടാന്‍ പോലീസ് എത്തി. ഒടുവില്‍ വലയില്‍ വീണത് കോട്ടയം പോലീസ് തിരയുന്ന മോഷണ കേസിലെ പ്രതി.
മോഷ്ടിച്ച മോട്ടോര്‍ സൈക്കിളില്‍ കറങ്ങിനടന്ന് സ്ത്രീകളെ ആക്രമിച്ച് മാല മോഷണം നടത്തുന്ന തൃപ്പൂണിത്തുറ എരൂര്‍ കേച്ചേരി വീട്ടില്‍ സുജിത്ത് (42) ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം ചെങ്ങന്നൂര്‍ ഐ.ടി.ഐ ജംഗ്ഷന് സമീപമാണ് പോലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഒരാള്‍ വഴിയോര കച്ചവടക്കാരായ അന്യസംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്ന വിവരം പോലീസ് അറിയുന്നത്.
വിവരം അറിഞ്ഞ് എത്തിയ പോലീസ് സംഘത്തെ കണ്ട് ഓടിയ ഇയാളെ പോലീസ് സംഘം അതി സഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
വഴിയോരത്തു ബെല്‍റ്റ് കച്ചവടം ചെയ്യുന്ന അന്യസംസ്ഥാനക്കാരനോടാണ് കാക്കി പാന്റും, ടി ഷര്‍ട്ടും ധരിച്ച ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
വിവിധ ജില്ലകളില്‍ ബൈക്ക് മോഷണവും, ബൈക്കില്‍ എത്തി സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുകയും ചെയ്യുന്ന നിരവധി കേസിലെ പ്രതിയാണ്.
പോലീസ് വാട്‌സപ്പ് ഗ്രൂപ്പില്‍ ഇയാളുടെ ഫോട്ടോ കണ്ട ഓര്‍മ്മയിലാണ് എസ്‌ഐ എം.സി അഭിലാഷ് ഇയാള്‍ സ്ഥിര മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്.
കൂടുതല്‍ ചോദ്യം ചെയ്തതോടയാണ് കഴിഞ്ഞ ജൂലൈയില്‍ ജയില്‍ മോചിതനായ ശേഷം ബൈക്ക് മോഷ്ടിച്ച്, വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലും, ഏറ്റുമാനൂരും സ്ത്രീകളുടെ മാല പൊട്ടിച്ചത്.
കേരളത്തില്‍ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങള്‍ക്ക് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനിയായ കന്യാകുമാരി സ്വദേശി ഹരീന്ദ്ര ഇര്‍വിനെ കള്ളനോട്ട്, തോക്ക്, സ്‌ഫോടക വസ്തുക്കള്‍ അടക്കം നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.
കോട്ടയം ജില്ലയിലെ പോലീസ് സുജിത്തിനെ പിടികൂടാന്‍ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ചെങ്ങന്നൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് കോട്ടയം പോലീസിന് സുജിത്തിനെ കൈമാറി.
ചെങ്ങന്നൂര്‍ എസ്എച്ച്ഒ. എ.സി വിപിന്‍, എസ്‌ഐമാരായ എംസി അഭിലാഷ്, വി.എസ് ശ്രീജിത്ത്, ഗ്രേഡ് എസ്.ഐ. ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷൈന്‍ എസ്. എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.