ഉമ്മന്‍ചാണ്ടിയുടെ കുടുംബം ക്ഷമിച്ചതുപോലെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചിരിക്കുന്നു എന്ന് വീട്ടില്‍ പരിശോധനക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് വിനായകന്‍, ... വിനായകനെ ചോദ്യം ചെയ്യുകയും ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു


അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ നടപടി ആരംഭിച്ച് പൊലീസ്. ആദ്യപടിയായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിനായകന്റെ ഫ്ളാറ്റിലെത്തി പരിശോധന നടത്തി. വിനായകനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഫോണും പൊലീസ് പിടിച്ചെടുത്തു.

കലൂരിലുള്ള വിനായകന്റെ ഫ്ളാറ്റിലാണ് എറണാകളം നോര്‍ത്ത് സിഐ അടക്കമുള്ള പൊലീസുകാരെത്തി പരിശോധന നടത്തിയത്. തന്റെ ഫ്ളാറ്റിനു നേര്‍ക്ക് ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിനായകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ചോദ്യംചെയ്യലില്‍, ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ലെന്ന് വിനായകന്‍ പൊലീസിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചതുപോലെ തന്റെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചതായും വിനായകന്‍ പൊലീസിനോട് പറഞ്ഞു.

കേസില്‍ കഴിഞ്ഞദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിനായകന്റെ വിശദീകരണം. അതേസമയം, വിനായകന്റെ പേരില്‍ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്നമട്ടില്ല. ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചു ഫെയ്സ്ബുക്ക് ലൈവിട്ട നടന്‍ വിനായകനെതിരായി നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
Previous Post Next Post