അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യവിശ്രമത്തിന് പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറയൊരുങ്ങുന്നു.

'

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യവിശ്രമത്തിന് പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറയൊരുങ്ങുന്നു. കുടുംബ കല്ലറയ്ക്ക് പകരം പള്ളിയുടെ കിഴക്ക് വശത്തായാണ് പ്രത്യേക കല്ലറ പണിയുകയെന്ന് ഇടവക വികാരി ഫാ. വർഗീസ് പറഞ്ഞു. വൈദികരുടെ കല്ലറയ്ക്ക് സമീപമായിരിക്കും പ്രത്യേക കല്ലറ നിർമിക്കുക. ഇന്നും നാളെയുമായി തിരുവനന്തപുരത്തും കോട്ടയത്തുമായി പൊതുദർശനത്തിന് വച്ച ശേഷം വ്യാഴാഴ്ച പുതുപ്പള്ളി പള്ളിയിൽ വച്ചാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുക. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങുകൾ വേണ്ട എന്ന് ഉമ്മൻ ചാണ്ടി എഴുതിവെച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ കുടുംബത്തിന്റെ അഭിപ്രായമനുസരിച്ചായിരിക്കും ഇക്കാര്യം തീരുമാനിക്കുക.

ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിക്കുന്ന ഭൗതിക ശരീരം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അദ്ദേഹം പതിവായി സന്ദർശിക്കുന്ന ദേവാലയമായ സെന്റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിൽ പൊതുദർശനത്തിന് വച്ച ശേഷം ഇന്ദിരാഭവനിൽ കൊണ്ടുവരും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ (പുതുപ്പള്ളി ഹൗസ്) കൊണ്ടുവരും. ജൂലൈ 19ന് രാവിലെ 7 മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകു തിരുനക്കര മൈതാനത്ത്‌ പൊതുദർശനം. രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയിൽവച്ച് സംസ്കാര ചടങ്ങുകൾ നടക്കും.
Previous Post Next Post