ന്യൂഡല്‍ഹി : 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന ചുരുക്കെഴുത്തു വരുന്ന പേര് നല്‍കിയതില്‍ ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് വിയോജിപ്പെന്ന് റിപ്പോര്‍ട്ട്. 'ഇന്ത്യ' എന്ന പേര് നല്‍കുന്നതിനെ നിതീഷ് കുമാര്‍ യോഗത്തില്‍ എതിര്‍ത്തെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ കുറിച്ച് യോഗത്തില്‍ കോണ്‍ഗ്രസ് ഒരു ചര്‍ച്ചയും നടത്തിയില്ലെന്നും പേര് വെളിപ്പെടുത്തിയപ്പോല്‍ നിതീഷ് ഞെട്ടിപ്പോയെന്നും ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
എങ്ങനെയാണ് ഒരു സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കുന്നത് എന്ന് നിതീഷ് കുമാര്‍ ചോദിച്ചു. നിതീഷ് കുമാറാണ് പ്രതിപക്ഷ ഐക്യത്തിന് ശ്രമം നടത്തിയതെന്ന വിഷയത്തില്‍ സംശയമില്ല. എന്നാല്‍ സഖ്യത്തെ കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്യാനുള്ള ശ്രമം നടത്തിയത് നിതീഷിനെയും ആര്‍ജെഡിയേയും ഞെട്ടിച്ചു.- ജെഡിയു വൃത്തങ്ങള്‍ വ്യക്തമാക്കി.
'ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' എന്നാണ് ഇന്ത്യയുടെ പൂര്‍ണരൂപം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പേര് നിര്‍ദേശിച്ചത് എന്നാണ് സൂചന.