പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വമ്പൻ മുന്നേറ്റം. 12,518 പഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ വിജയം നേടിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട് കണക്കുകള്‍ വ്യക്തമാക്കുന്നത്. 3,620 സീറ്റുകളില്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നുമുണ്ട്. ബിജെപിക്ക് 2781 സീറ്റുകളില്‍ വിജയം നേടാൻ ആയിട്ടുണ്ട്. വൈകുന്നേരം 3.30ന് വന്ന കണക്ക് പ്രകാരം 915 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.
ഇടത് സഖ്യം 959 സീറ്റുകളില്‍ വിജയം നേടിയിട്ടുണ്ട്. അതിൽ 910 സീറ്റുകളിലും സിപിഎം തന്നെയാണ് വിജയിച്ചിട്ടുള്ളത്. 625 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയം സ്വന്തമാക്കി. 276 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുമുണ്ട്. ഇന്ത്യൻ സെക്യൂലര്‍ ഫ്രണ്ട് സഖ്യം 219 സീറ്റുകളാണ് സ്വന്തമാക്കിയത്. തൃണമൂല്‍ വിമതര്‍ ഉള്‍പ്പെടെയുള്ള സ്വതന്ത്രർ 718 സീറ്റുകളില്‍ വിജയം നേടിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ വ്യാപക അക്രമമാണ് ബംഗാളിൽ അരങ്ങേറിയത്.