കളമശ്ശേരി: തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റ സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. ഏലൂർ കുറ്റിക്കാട്ടുകര അലുപുരം അമ്പലപറമ്പ് വീട്ടിൽ സുധാകരനെ(56)യാണ് അറസ്റ്റ് ചെയ്തത്. ഏലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ച അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. പാതാളം സാൾട്ട് ആൻഡ് പെപ്പർ ഹോട്ടലിലെ ജീവനക്കാരൻ കൊല്ലം മൈനാഗപ്പിള്ളി മുഹ്സിന മൻസിലിൽ മുജീബ് റഹ്മാന് (46) ആണ് വെട്ടേറ്റത്. ഹോട്ടലുടമ ജോസുമായുള്ള തർക്കത്തിനിടെ സുധാകരൻ വെട്ടുകത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടെയാണ് മുജീബ് റഹ്മാന് വെട്ടേറ്റത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.