കൊച്ചി: മണിപ്പൂര്‍ കലാപം ബിജെപിയും ആര്‍എസ്എസും അവിടെ വിതച്ച വര്‍ഗ്ഗീയ വിഷത്തിന്റെ സൃഷ്ടിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഏക സിവില്‍ കോഡ് ബിജെപിയുടെ ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിനുള്ള വഴിയൊരുക്കലാണ്. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ രാജ്യത്തെ മതനിരപേക്ഷ ജനത അനുവദിക്കില്ലെന്നും കാരാട്ട് പറഞ്ഞു.
ഏക സിവിൽ കോഡ് രണ്ട് പതിറ്റാണ്ടായി ആർഎസ്എസ് അജണ്ടയാണ്. ഭൂരിപക്ഷത്തിന്റെ വികാരത്തിനനുസരിച്ച് ന്യൂനപക്ഷം ജീവിക്കണമെന്നാണ് ബിജെപി പറയുന്നത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യം. ഏക സിവിൽ നിയമമല്ല എല്ലാ വിഭാഗങ്ങൾക്കും തുല്യനീതിയാണ് വേണ്ടത്. സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കുകയും ലിംഗ വിവേചനം ഒഴിവാക്കുകയുമാണ് പ്രധാനം. ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു വരേണ്ട നിയമമാണ്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വിഭജിക്കാനുള്ള ബിജെപി നീക്കമാണ് ഇത്. മോദിക്ക് മുസ്ലിം പെണ്മക്കളോട് തോന്നുന്ന അനുകമ്പ നാഗാലാൻഡിലെ പെണ്മക്കളോട് തോന്നാത്തത് എന്താണ്? ബിജെപി പറയുന്ന ഏക നിയമം മനുസ്മൃതി ആണ്. നാഗാലാൻഡ് മുഖ്യമന്ത്രി ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മുസ്ലിങ്ങൾ മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപി ചരിത്രപരമായി ഒരു നവോത്ഥാനത്തെയും പിന്തുണച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ അവസ്ഥയാകും ഏക സിവിൽ കോഡിനും വരിക. ജനകീയ പ്രതിഷേധത്തെത്തുടർന്ന് ബിജെപിക്ക് നീക്കം ഉപേക്ഷിക്കേണ്ടി വരും. മണിപ്പൂരിൽ ആർഎസ്എസ്സിന്റെ വർഗീയ വിഷമാണ് ദുരന്തം വിതച്ചതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ഏക സിവില്‍ കോഡ്-വര്‍ഗ്ഗീയ വിഭജനത്തിനുള്ള ആര്‍എസ്എസ് അജണ്ട എന്ന വിഷയത്തില്‍ എറണാകുളം കലൂരില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ സംസാരിച്ചു.
അതേസമയം, മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എല്‍ഡിഎഫ്. 'സേവ് മണിപ്പൂര്‍'എന്ന പേരില്‍ ആഗസ്റ്റ് 27 ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 1000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. രാവിലെ 10 മണിമുതല്‍ 2 മണി വരെയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍ പറഞ്ഞു. സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള ജനതയുടെ പ്രതിരോധമാണിതെന്നും ഇ പി ജയരാജന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ചേരാനും 24 ന് മണ്ഡലം കമ്മിറ്റി ചേരാനും തീരുമാനമായി. ലോകത്തിന്റെ മുന്നില്‍ ഇന്ത്യ അപമാനിക്കപ്പെട്ടുവെന്ന് മണിപ്പൂർ കലാപത്തിന്‍റെ പുറത്ത് വന്ന ദൃശ്യങ്ങള്‍ ചൂണ്ടികാട്ടി ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു.