പാമ്പാടിയിലെ ജനകീയ ഹോട്ടൽ അടച്ചു , മലിനജലം ശുദ്ധജല കിണറിലെത്തി ഉപയോഗ ശൂന്യമായി; ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് ഹോട്ടൽ പൂട്ടിയത്



പാമ്പാടി : പാമ്പാടിയിലെ ജനകീയ ഹോട്ടൽ അടച്ചു. മലിനജലം ശുദ്ധജല കിണറിലെത്തി ഉപയോഗശൂന്യമായതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് ഹോട്ടൽ പൂട്ടിയത്.
പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ കുടുബശ്രീയുടെ നേതൃത്വത്തിൽ ആണ് ചന്തക്കവലയിലെ കാർഷിക വിപണന കേന്ദ്രം ബിൽഡിംഗിൽ തൂശനില ജനകീയ  ഹോട്ടൽ പ്രവർത്തിച്ച് വന്നത്.

തുടക്കം മുതൽ തന്നെ മലിനജലം കൃത്യമായി ഒഴുക്കി കളയാനുള്ള സംവിധാനം ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ച് വന്നത്.

നിയമം പാലിക്കാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടതോടെ ആണ് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി അടച്ച് പൂട്ടിച്ചത്.

ഹോട്ടലിലെ മുഴുവൻ മാലിന്യവും റോഡിൻ്റെ സമീപത്ത് കുഴികുത്തി ഒഴുക്കുകയായിരുന്നു. മഴ ശക്തമായതോടെ ഈ കുഴിയിൽ ഉറവ നിറഞ്ഞ്  തൊട്ടടുത്ത കിണറ്റിലേക്ക് മലിനജലം എത്തി ഉപയോഗശൂന്യമായി.

 സ്വകാര്യ സ്ഥാപനങ്ങളുടെ നിയമലംഘനം കണ്ടെത്തി നിയമ  നടപടി സ്വീകരിക്കുന്ന ഗ്രാമപഞ്ചായത്ത് ആണ് തങ്ങൾക്ക് ഉത്തരവാദിത്വം ഉള്ള സ്ഥാപനത്തിന്റെ 
 നിയമലംഘനത്തിന്  കൂട്ടുനിൽക്കുന്നതെന്ന് 
 നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

കിണർ ഉപയോഗ ശൂന്യമായത് നാട്ടുകാരും ടാക്സി ഡ്രൈവർമാരും മാസങ്ങൾക്ക് മുമ്പേ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ ഗൗനിക്കുകയുണ്ടായില്ല.
 ഇവയൊന്നും മുഖവിലക്കെടുക്കാതെ ലോറിയിൽ വെള്ളം ഇറക്കി പാചകം ചെയ്തത് ആയിരുന്നു ഹോട്ടൽ നടത്തിക്കൊണ്ടിരുന്നതെന്നും നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു.

 പരാതിയെ തുടർന്ന്  മലിനജലപ്രശ്നം പരിഹരിച്ചതിന് ശേഷം മാത്രം ഹോട്ടൽ തുറന്നാൽ മതിയെന്നും വൃത്തിഹീനമായ ഹോട്ടൽ പരിസരം ശുചിയാക്കണമെന്നും നിർദ്ദേശിച്ചാണ് ആരോഗ്യ വകുപ്പ്   വ്യാഴാഴ്ച നോട്ടീസ് കൊടുത്ത് ഹോട്ടൽ അടപ്പിച്ചത്.

സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ നല്ല ഭക്ഷണം നൽകി വന്നിരുന്ന ഹോട്ടൽ ആയിരുന്നു ഇത് .
പക്ഷെ പഞ്ചായത്ത് അധികാരികൾ തന്നെ ഇത്തരത്തിൽ ജനങ്ങളെ വിഢിയാക്കി ജനകീയ ഹോട്ടൽ നടത്തുന്നത് കനത്ത നിയമലംഘനം തന്നെ യാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യം.
أحدث أقدم