മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.

ന്യൂഡൽഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌.സി-എസ്‌.ടി അതിക്രമ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.വി. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം കോടതി ശരിവച്ചു. തുടർന്നാണ് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.


വാദത്തിനിടെ, പരാതിക്കിടയാക്കിയ വിഡിയോയുടെ തർജമ വായിക്കണമെന്ന് ശ്രീനിജന്‍റെ അഭിഭാഷകൻ അഡ്വ. വി. ഗിരി കോടതിയോട് അഭ്യർഥിച്ചു. താൻ അത് വായിച്ചിട്ടുണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, എസ്.സി-എസ്.ടി പീഡന നിരോധന നിയമം പ്രയോഗിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞു. പരാതിക്കാരൻ എസ്.സി-എസ്.ടി വിഭാഗത്തിൽ പെടുന്നു എന്ന കാരണത്താൽ അദ്ദേഹത്തിനെതിരായ എല്ലാ ആക്ഷേപങ്ങളും എസ്.സി-എസ്.ടി പീഡന നിരോധന നിയമത്തിന് കീഴിൽ വരണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഷാജൻ സ്കറിയയോട് അഭിപ്രായങ്ങളിൽ കൂടുതൽ സംയമനം പാലിക്കണമെന്ന് നിർദേശിക്കാൻ ഷാജന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്രയോട് കോടതി പറഞ്ഞു. 

കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിന്‍റെ പരാതിയിലാണ് ഷാജനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി 17ന് പരിഗണിക്കാനായിരുന്നു സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ബെഞ്ച് ഇന്ന് പരിഗണിച്ചത്.
أحدث أقدم