മലേഷ്യന്‍ പരമോന്നത പുരസ്‌കാരം കാന്തപുരത്തിന്; സമ്മാനിച്ച് മലേഷ്യന്‍ രാജാവ്



ക്വാലാലംപൂര്‍: ലോക മുസ്‌ലിം പണ്ഡിതര്‍ക്ക് നല്‍കുന്ന പരമോന്നത മലേഷ്യന്‍ ബഹുമതിയായ ഹിജ്‌റ പുരസ്‌കാരം ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്. ക്വാലാലംപൂര്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷാ പുരസ്‌കാരം സമ്മാനിച്ചു.

പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിന്‍ മുക്താര്‍, രാജകുടുംബാംഗങ്ങള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര ദാനം. ലോക സമാധാനത്തിനും സൗഹാര്‍ദ്ദത്തിനുമായി പ്രവര്‍ത്തിക്കുന്ന ആഗോള പ്രശസ്തരായ മുസ്‌ലിം പണ്ഡിതര്‍ക്ക് 2008 മുതല്‍ എല്ലാ ഹിജ്‌റ വര്‍ഷാരംഭത്തിലും നല്‍കി വരുന്നതാണ് ഈ പുരസ്‌കാരം.

സ്വദേശത്തും വിദേശത്തും ഇസ്‌ലാമിന്റെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥര്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അര്‍പ്പിച്ച അമൂല്യമായ സംഭാവനകള്‍ പരിഗണിച്ചാണ് കാന്തപുരത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് മലേഷ്യന്‍ ഇസ്‌ലാമിക വികസന മന്ത്രാലയം വ്യക്തമാക്കി. ഹിജറ പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്തതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് പ്രചോദമാണെന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പഞ്ചദിന സന്ദര്‍ശനത്തിന് തിങ്കളാഴ്ചയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മലേഷ്യയിലെത്തിയത്. 22ന് സ്വഹീഹുല്‍ ബുഖാരി പണ്ഡിത സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും
Previous Post Next Post