പിറന്ന മണ്ണിലേക്ക് ഇന്ന് മടക്കം; ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വൈകീട്ട്; വിലാപ യാത്രയിലുടനീളം 'ജന സമ്പർക്കം'


 
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിലാകും  വൈകീട്ട്  സംസ്കാരം നടക്കുക. 

പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. 
ഉമ്മൻചാണ്ടിയുടെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്കാരം. 

പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിലാണ് മൃതദേഹം വഹിച്ചുള്ള അന്ത്യ യാത്ര. വിലാപയാത്ര കോട്ടയത്ത് എത്തുമ്പോൾ 24 മണിക്കൂറും പിന്നിട്ടു കഴിയും. ഉമ്മൻ ചാണ്ടിയുടെ കുടുംബവും കോൺഗ്രസ് നേതാക്കളും ബസിൽ അനുഗമിക്കുന്നുണ്ട്.തിരുനക്കരയിലെ പൊതുദർശനം കഴിഞ്ഞ് മൃതദേഹം പുതുപ്പള്ളിയിലെ കുടുംബ വീട്ടിലാണ് ആദ്യം എത്തിക്കുക. 

ജന സമ്പർക്കത്തിൽ ജീവിച്ച ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തിൽ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപ യാത്ര പുലർച്ചെ 5.30നാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽ നിന്നു ഇന്നലെ രാവിലെ ഏഴേ കാലോടെയാണ് വിലാപ യാത്ര ആരംഭിച്ചത്.


Previous Post Next Post