വരന്തരപ്പിള്ളി: വരന്തരപ്പിള്ളിയിൽ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയെ അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ നിഷ(43)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് നിഷ.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. നിഷയുടെ ഫോണ്‍ വിളികളില്‍ വിനോദിന് സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും പതിവായി വഴക്കിട്ടിരുന്നു.
സംഭവദിവസം ജോലി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണ്‍ വിളിച്ചിരിക്കുന്നത് കണ്ടു. തുടര്‍ന്ന് ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയും ഫോണ്‍ പിടിച്ചെടുക്കാന്‍ വിനോദ് ശ്രമിക്കുകയും ചെയ്തു.
ഇരുവരും തമ്മില്‍ പിടിവലിയുണ്ടായപ്പോള് വിനോദ്, നിഷയുടെ കൈപിടിച്ച് തിരിച്ചു. ഇതില്‍ കുപിതയായ നിഷ സമീപത്തിരുന്ന കറിക്കത്തിയെടുത്ത് വിനോദിനെ കുത്തുകയായിരുന്നു.
നെഞ്ചില്‍ കുത്തേറ്റ വിനോദ് കട്ടിലില്‍ ഇരുന്നപ്പോള്‍ ഭയപ്പെട്ടുപോയ നിഷ മുറിവ് അമര്‍ത്തിപ്പിടിച്ചു. ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമായി. ഇതോടെ വിനോദ് തളര്‍ന്നുപോയെന്നാണ് സൂചന.
കുറേസമയമായിട്ടും രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് നിഷയാണ് വിനോദിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ വിനോദ് മരിച്ചു. പിടിവലിക്കിടെ എന്തോകൊണ്ട് മുറിവുണ്ടായെന്നാണ് നിഷ ആശുപത്രിയില്‍ പറഞ്ഞിരുന്നത്.
തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഇവരുടെ അയല്‍വീടുകളില്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ തമ്മില്‍ വഴക്ക് പതിവാണെന്ന് പോലീസിന് മനസിലായി.
വിനോദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും സംഭവ സമയത്ത് വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാല്‍ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു.
മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം നിഷയെ കണ്ട് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. പിടിവലിക്കിടെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടില്‍ ആദ്യം ഉറച്ചുനിന്ന നിഷ, ഒടുവില്‍ പിടിച്ചു നില്ക്കാനാവാതെ നടന്ന സംഭവങ്ങള്‍ തുറന്നു പറഞ്ഞു.
കത്തികൊണ്ടുള്ള തന്റെ കുത്തേറ്റാണ് വിനോദ് മരിച്ചതെന്ന് നിഷ സമ്മതിച്ചതായി പോലീസ് പറയുന്നു.