മറ്റക്കരയിൽ കനത്തമഴയില്‍ വീടിന് പുറകിലേയ്ക്ക് മണ്ണിടിഞ്ഞ് വീണു,വന്‍ അപകടം ഒഴിവായി


മറ്റക്കര - തച്ചിലങ്ങാട് ഗവ.എല്‍ പി സ്‌ക്കുളിന് സമീപം മുതുവണ്ടനാനിയ്ക്കല്‍ സന്തോഷിന്റെ വീടിന് പുറകിലേയ്ക്ക് മണ്ണിടിഞ്ഞ് വീണു.വീടിന്റെ അടുക്കളയുടെ കതകും ജനലും ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍ തകര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് അമ്പത് അടിയിലേറെ ഉയരത്തില്‍ നിന്ന് മണ്ണും വലിയ പാറക്കഷണങ്ങളും താഴേയ്ക്ക് പതിച്ചത്.രാവിലെ സന്തോഷിന്റെ ഭാര്യ മിനി അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് കുറെ കല്ലുകള്‍ ആദ്യം വീടിന് പുറകിലേയ്ക്ക് വീണത്.ഇതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വീടിനുള്ളില്‍ നിന്നും പുറത്ത് കടന്നു.തുടര്‍ന്ന് തുടര്‍ച്ചയായി മണ്ണ് ഇടിഞ്ഞുകൊണ്ടേയിരുന്നു.വൈകുന്നേരം വരെ മണ്ണിടിച്ചില്‍ തുടര്‍ന്നു.മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അപകടനിലയില്‍ നിന്ന പുറ്റത്താങ്കല്‍ എബ്രഹാമിന്റെ കൂറ്റന്‍ തേക്കുമരം വെട്ടിമാറ്റി അപകടം ഒഴിവാക്കി.അകലക്കുന്നം പഞ്ചായത്തിലെ ജനപ്രതിനിധികളും,വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും വീട് അപകടകരമല്ലാത്തതിനാല്‍ നഷ്ടപരിഹാരം ലഭിക്കാനിടയില്ലെന്ന് അറിയിച്ചു.വീടിന്റെ പുറകിലെ മണ്ണ് മാറ്റുന്നതിനും കല്ല് കെട്ടുന്നതിനും ലക്ഷങ്ങള്‍ ചിലവ് വരും.കൂലിപ്പണിക്കരനായ സന്തോഷ് അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്


أحدث أقدم