തൃശൂർ: മിത്ത് വിവാദത്തിലെ സിപിഐഎമ്മിന്റെ തിരുത്ത് സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മതവിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല. എംവി ഗോവിന്ദൻ ഡൽഹിയിൽ തിരുത്തിയതിൽ സന്തോഷമുണ്ട്. സ്പീക്കർ എ എൻ ഷംസീറിനോട് മാപ്പ് പറയാൻ കോൺഗ്രസ് ആവശ്യപ്പെടുന്നില്ല. ഷംസീറിന്റെ പ്രസ്താവന തിരുത്തിയാൽ മതിയെന്നും നാക്കുപിഴ ആർക്കുവേണമെങ്കിലും സംഭവിക്കാമെന്നും സതീശൻ പറഞ്ഞു.
വർഗീയവാദികൾക്ക് ആയുധം നൽകി, സിപിഐഎമ്മും ബിജെപിയും അത് ആളിക്കത്തിച്ചു. വിശ്വാസങ്ങളെ അവരവർക്ക് വിടുക എന്നതാണ് കോൺഗ്രസ് നിലപാട്. മതപരമായ വിശ്വാങ്ങളെ ശാസ്ത്രവുമായി കൂട്ടി കെട്ടേണ്ടതില്ല. അത്ഭുതങ്ങളിൽ എല്ലാ മതങ്ങളും വിശ്വസിക്കുന്നു. വർഗീയ വാദികൾക്ക് ആയുധം കൊടുക്കുന്നവരെ സൂക്ഷിക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ആയുധം കൊടുത്തവരും അതിനെ ഉപയോഗപ്പെടുത്തുന്നവരും തമ്മിലുള്ള ഗൂഡാലോചനയാണോ ഈ വിവാദം എന്നാണ് സംശയം. മതപരമായ വിശ്വാസത്തെ ശാസ്ത്ര ബോധവുമായി കൂട്ടിക്കെട്ടാനാണ് ശ്രമം. മതവിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല. ഒരു തീപ്പൊരി വീണാൽ ആളിക്കത്തുന്ന കാലമാണിതെന്ന് മറക്കരുത്.
ഇപ്പോഴത്തെ വിവാദം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയെന്ന് സംശയിച്ചാലും തെറ്റില്ല. ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ്. സിപിഎമ്മിന്റേത് വർഗീയവാദികൾക്ക് ആയുധം കൊടുക്കുന്ന നിലപാടാണ്. എം വി ഗോവിന്ദൻ തിരുത്തി പറഞ്ഞതുപോലെ സ്പീക്കറും തിരുത്തിപ്പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കേരളത്തിൽ ധ്രുവീകരണം ഉണ്ടാക്കാൻ ആരും ശ്രമിക്കേണ്ട.
കോൺഗ്രസിൻറെ മുഖ്യശത്രു ബിജെപിയും സംഘപരിവാറുമാണ്. ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും സുരേന്ദ്രന് മറുപടിയായി സതീശൻ പറഞ്ഞു. ശബരിമല വിഷയം പോലെ ആളി കത്തിക്കാൻ ശ്രമിക്കേണ്ട. ഈ വിഷയം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടില്ല. അതിന് ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെന്നും സതീശന്‍ പറഞ്ഞു.