പീരുമേട്: അതിരു തര്‍ക്കത്തിന്റെ പേരില്‍ റിട്ട. എസ്.ഐയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പഴയപാമ്പനാര്‍ മരിയ ഹൗസില്‍ ബ്രൂണോ പുഷ്പരാജ് (29), പാമ്പനാര്‍ കുഴിയാത്ത ആല്‍ബിന്‍ രാജു (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മുണ്ടക്കയം വെള്ളനാടി കൊടുകപ്പാലം സ്വദേശി കാവില്‍ ടി.കെ. ശിവദാസി(70)നെയാണ് പ്രതികള്‍ ആക്രമിച്ചത്. വധശ്രമത്തിന് കേസ് എടുത്തതിനെത്തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍പോയിരുന്നു.
തലയ്ക്കും മുഖത്തും കാലിനും സാരമായ പരിക്കേറ്റ ശിവദാസന്‍ ചികിത്സയിലാണ്. 19ന് ഉച്ചയ്ക്ക് 12ന് പഴയ പാമ്പനാറിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോയ വയോധികനെ രണ്ടു പ്രതികളും ചേര്‍ന്ന് മരക്കമ്പുകൊണ്ട് ആക്രമിക്കുകയായിരുന്നു. അടിച്ചു വീഴ്ത്തിയശേഷം നിലത്തിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.
ബ്രൂണോയുടെ വീടും ശിവദാസിന്റെ പുരയിടവും സംബന്ധിച്ച് അതിരു തര്‍ക്കമുണ്ടായിരുന്നു. സി.പി.ഐ. മുന്‍ ബ്ലോക്ക് മെമ്പറുടെ മകനാണ് ബ്രൂണോ. ഡി.വൈ.എഫ്.ഐ. പാമ്പനാര്‍ മുന്‍ മേഖലാ സെക്രട്ടറിയും സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ് ആല്‍ബിന്‍. ഇതുമായി ബന്ധപ്പെട്ട് മുമ്പ് കേസുമുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.