തൃശ്ശൂർ: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രകോപന പ്രസംഗത്തിൽ സിപിഎം, ഡിവൈഎഫ്ഐ നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എംഎസ് ഷൈനിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ചാലക്കുടി പൊലീസിന് നിർദ്ദേശം നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിലായിരുന്നു ജയ്ക് സി തോമസിന്റെ പ്രകോപന പ്രസംഗം.
മാര്‍ച്ച് ആറിനായിരുന്നു സംഭവം. ചാലക്കുടിയിലെത്തിയ ജാഥയിൽ ജെയ്ക് സി തോമസ് പ്രസംഗിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചിയിലെ ഓഫീസില്‍ എസ്എഫ്ഐ നടത്തിയ അക്രമത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം. ഏഷ്യാനെറ്റ് ന്യൂസിനെയും അതിലെ ജീവനക്കാരെയും ആക്രമിക്കാന്‍ ആഹ്വാനം നല്‍കുന്നതായിരുന്നു പ്രസംഗം.
ഇതിനെതിരെ ചാലക്കുടി പൊലീസിനും തൃശൂര്‍ റൂറല്‍ എസ്പിയ്ക്കും ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഞ്ജുരാജ് പരാതി നല്‍കി. സമൂഹ മാധ്യങ്ങള്‍ വഴിയും പ്രസംഗം പ്രചരിപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും കേസെടുക്കാനാവില്ലെന്നായിരുന്നു ചാലക്കുടി പൊലീസിന്‍റെ നിലപാട്. തുടര്‍ന്നാണ് അഭിഭാഷകനായ ബിജു. എസ്. ചിറയത്ത് വഴി കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച ചാലക്കുടി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എം.എസ്. ഷൈനിയാണ് കേസെടുക്കാന്‍ ചാലക്കുടി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.