ഇസ്ലാമാബാദ്: വ്യഭിചാരക്കുറ്റം ആരോപിച്ച് പാകിസ്ഥാനിൽ യുവതിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഭർത്താവ് വ്യഭിചാരക്കുറ്റം ആരോപിച്ച ഇരുപതുവയസുകാരിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ശാരീരിക പീഡനത്തിന് ശേഷം യുവതിയെ മരത്തിൽ കെട്ടിയിട്ട് കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
സ്ത്രീയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം പാക് പോലീസ് സ്ഥിരീകരിച്ചു. ലാഹോറിൽ നിന്ന് 500 കിലോമീറ്റർ അകലെ പഞ്ചാബിലെ രാജൻപൂർ ജില്ലയിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും രണ്ട് സഹോദരന്മാരും ഒളിവിൽ പോയി. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.രാജൻപൂരിലെ അൽകാനി ഗോത്രത്തിൽപ്പെട്ട സ്ത്രീയാണ് കൊല്ലപ്പെട്ടത്. വ്യഭിചാരക്കുറ്റം ആരോപിച്ച് യുവതിയെ ഭർത്താവും അദ്ദേഹത്തിൻ്റെ രണ്ട് സഹോദരന്മാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് അവശയായ യുവതിയെ സമീപത്തെ മരത്തിൽ കെട്ടിയിട്ട് കല്ലെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു.
യുവതി കൊല്ലപ്പെട്ട വിവരം പുറത്തുവരികയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ മൂന്ന് പ്രതികളും ഒളിവിൽ പോയി. പ്രതികൾ പഞ്ചാബിനും ബലൂചിസ്ഥാനും ഇടയിലുള്ള അതിർത്തി പ്രദേശത്തുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.പാകിസ്ഥാനിൽ പ്രതിവർഷം 1000 ത്തോളം സ്ത്രീകളാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയാകുന്നത്. പ്രണയവിവാഹം, മറ്റ് ബന്ധങ്ങൾ എന്നിവയാണ് പല കൊലപാതകങ്ങൾക്കും കാരണം. സ്വന്തം മാതാപിതാക്കളും ബന്ധുക്കളുമാണ് ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ. ദിവസങ്ങൾക്ക് മുൻപ് സഹപ്രവർത്തകനെ വിവാഹം ചെയ്യാനൊരുങ്ങിയ വനിതാ ഡോക്ടറെ പിതാവ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. പഞ്ചാബിലെ മിയാൻവാലി ജില്ലയിലാണ് ഈ സംഭവം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹപ്രവർത്തകനെ വിവാഹം ചെയ്യാനുള്ള യുവതിയുടെ തീരുമാനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.