തിരുവനന്തപുരം : 15-ാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം നാളെ പുനരാരംഭിക്കും. നാളെ മുതൽ 14 വരെ ചേരുന്ന നാല് ദിവസത്തെ നിയമസഭ സമ്മേളനത്തിൽ പുതുപ്പള്ളിയിൽ പിണറായി സർക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. കൂടാതെ നിയമസഭ പുനരാരംഭിക്കുമ്പോൾ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സഭാംഗവും മുൻ മന്ത്രിയുമായ എസി മൊയ്തീൻ പ്രതിയാക്കപ്പെടുമെന്നു സൂചനയുള്ളതിനാൽ കരുവന്നൂർ അഴിമതിയും ചർച്ചയാകും.
കഴിഞ്ഞയാഴ്ച ഇഡി ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നിയമസഭയിലെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയിൽ പങ്കെടുക്കണമെന്ന കാരണം പറഞ്ഞാണു മൊയ്തീൻ ഒഴിഞ്ഞത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭാ സമ്മേളനം താത്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു. വമ്പൻ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും യുഡിഎഫ് നിയമസഭയിലെത്തുക.
നാളെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്ക് ചാണ്ടി ഉമ്മൻ നിയമസഭ അംഗമായി സത്യപ്രതിഞ്ജ ചെയ്യും. സഭയിൽ എല്ലാ അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പുള്ളതിനാൽ ഗ്രൂപ്പ് ഫോട്ടോയെടുപ്പും നിശ്ചയിച്ചിട്ടുണ്ട്.