അമ്പലപ്പുഴ; കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി


കളിക്കുന്നതിനിടെ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ ലിബി – മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകിന്റെ (11) മൃതദേഹമാണ് പായൽക്കുളങ്ങര പടിഞ്ഞാറ് അഞ്ചാലും കാവ് കടൽത്തീരത്ത് കണ്ടെത്തിയത്. ബുധനാഴ്ച്ച  വൈകിട്ടു മുതലാണ് കുട്ടിയെ കാണാതായത്. കെ കെ കുഞ്ചുപിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിഷേക്. വൈകിട്ട് സ്കൂളിൽ നിന്നുവന്ന ശേഷം സുഹൃത്തുക്കളുമായി കളിക്കാൻ പോയതായിരുന്നു.

രാത്രിയായിട്ടും കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. അമ്പലപ്പുഴ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെ കുട്ടിയുടെ വസ്ത്രങ്ങൾ കടപ്പുറത്ത് കടൽഭിത്തിക്കു മുകളിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തോട്ടപ്പള്ളി തീരദേശ പോലീസ് ബോട്ടുകളിലും മത്സ്യത്തൊഴിലാളികൾ പൊന്തുവള്ളത്തിലും ,മറ്റു വള്ളങ്ങളിലും തിരച്ചിൽ നടത്തി. വ്യാഴാഴ്ച്ച  വൈകിട്ട് നാലരയോടെ കുട്ടി കടലിലിറങ്ങിയതിന് തെക്കുഭാഗത്തേക്ക് മാറിയാണ് മൃതദേഹം കണ്ടെത്തിയത് , ഇൻക്വസ്റ്റിനുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അക്ഷര, അർപ്പണ.

Previous Post Next Post