കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ രണ്ടുപേരെ ഇഡി അറസ്റ്റു ചെയ്തു. മുന്‍മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എയുടെ ബിനാമിയെന്ന ആരോപണം നേരിടുന്ന സതീഷ് കുമാര്‍, ഇടനിലക്കാരനായ പി പി കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടെ ആദ്യ അറസ്റ്റാണിത്.
കഴിഞ്ഞ നാലു ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. രാത്രി പത്തുമണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഇന്ന് കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
ഒട്ടേറെ രാഷ്ട്രീയ പ്രമുഖരുടെയും പൊലീസിലെ ഉന്നതരുടെയും ബിനാമിയാണ് സതീഷ്‌കുമാർ എന്നാണ് ഇഡി സൂചിപ്പിക്കുന്നത്. അറസ്റ്റിലായ പി പി കിരൺ 14 കോടി രൂപയാണ് വിവിധ പേരുകളിലായി കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയെടുത്തതെന്നും ഇഡി കണ്ടെത്തി. സ്വന്തമായി വസ്തുവകകള്‍ ഇല്ലാതെ കിരണ്‍ കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വായ്പകളാണ് എടുത്തിരുന്നത്. നിലവില്‍ 45 ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാൻ ഉണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തവര്‍ക്കു പുറമേ രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് മറ്റു പ്രതികൾ അറസ്റ്റിലാകുന്നത്. ബാങ്കിന്റെ മുന്‍സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി കെ ജില്‍സ്, ബാങ്ക് മെമ്പര്‍ കിരണ്‍, കമ്മിഷന്‍ ഏജന്റ് എ കെ ബിജോയ്, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് റെജി അനില്‍ എന്നിവരായിരുന്നു ഇതുവരെ കേസിലെ പ്രതികള്‍.