യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനൊടുവിൽ പ്രതികാരം തീർക്കാൻ ലക്ഷ്യമിട്ട ഓട്ടോറിക്ഷ മാറി കത്തിച്ചു. ലക്ഷ്യംവച്ച ഓട്ടോയുടെ സമീപത്ത് പാർക്ക് ചെയ്ത മറ്റൊരു ഓട്ടോറിക്ഷക്കാണ് അക്രമി സംഘം തീയിട്ടത്.

ആലപ്പുഴ: യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനൊടുവിൽ പ്രതികാരം തീർക്കാൻ ലക്ഷ്യമിട്ട ഓട്ടോറിക്ഷ മാറി കത്തിച്ചു. ലക്ഷ്യംവച്ച ഓട്ടോയുടെ സമീപത്ത് പാർക്ക് ചെയ്ത മറ്റൊരു ഓട്ടോറിക്ഷക്കാണ് അക്രമി സംഘം തീയിട്ടത്. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്തു.

ഇന്നലെ പുലർച്ച രണ്ടിന് ആലപ്പുഴ നഗരസഭ മംഗലം വാർഡിലായിരുന്നു സംഭവം. മംഗലം വാർഡ് അരശ്ശേരിവീട്ടിൽ വിനോദിന്റെ (ജോസ്) ഡീസൽ ഓട്ടോയാണ് ആക്രമണത്തിൽ പൂർണമായും കത്തിനശിച്ചത്. തീയാളുന്നത് കണ്ട് വീട്ടുകാർ ഉണർന്നെങ്കിലും തീകെടുത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

ഓട്ടോ ഡ്രൈവർ സുനിയപ്പൻ എന്നുവിളിക്കുന്ന യേശുദാസും പരിസരവാസികളായ രണ്ടുയുവാക്കളും കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു. വഴക്ക് സംഘർഷത്തിയതോടെ പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. തുടർന്ന് യേശുദാസിനെ ആക്രമിക്കുമെന്നും അയാളുടെ ഓട്ടോ കത്തിക്കുമെന്നും വെല്ലുവിളിച്ചാണ് രണ്ടംഗസംഘം മടങ്ങിയത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് വെല്ലുവിളിയെന്നും പറയപ്പെടുന്നു.
രാത്രിയിൽ വാഹനം പാർക്ക് ചെയ്യുന്ന വഴിയിൽ എത്തിയ സംഘം യേശുദാസിന്റേതാണെന്ന് കരുതി വിനോദിന്റെ ഓട്ടോക്ക് തീവെക്കുയായിരുന്നു. പതിവായി റോഡിന്റെ ഓരം ചേർന്നാണ് രണ്ടുപേരും ഓട്ടോപാർക്ക് ചെയ്യുന്നത്. ഓട്ടംകഴിഞ്ഞ് ആദ്യമെത്തിയ സുനിയപ്പൻ ചെറിയ മഴയായതിനാൽ വിനോദ് സ്ഥിരമായി ഇടുന്ന സ്ഥലത്താണ് ഇട്ടത്. ഇത് സുനിയപ്പൻറെ ഓട്ടോയാണെന്ന് കരുതിയാണ് ആക്രമികൾ വിനോദിന്റെ ഓട്ടോ കത്തിച്ചത്.


Previous Post Next Post