മല്ലു ട്രാവലര്‍ക്കെതിരായ പീഡന കേസ്; അന്വേഷണം ആരംഭിച്ച് ഇന്റലിജന്‍സ് ബ്യൂറോ


കൊച്ചി: മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരായ പീഡന കേസില്‍ സൗദി വനിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് ഇന്റലിജന്‍സ് ബ്യൂറോ. സൗദി കോൺസുലേറ്റിലും എംബസിയിലും നൽകിയ പരാതിയിലാണ് നടപടി. ഷക്കീർ സുബ്ഹാനെതിരെ പൊലീസ് സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ ഐബി ശേഖരിച്ചു. തുടർ നടപടികളും ഐബി വീക്ഷിച്ച് വരികയാണ്. പൊലീസ് എഫ്ഐആറിലെ വിവരങ്ങൾ ഡയറക്റേറ്റിനെ അറിയിച്ചു. സംഭവത്തില്‍ സൗദി എംബസി പരാതി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ ഇന്ത്യയിലെ താമസം നിയമങ്ങൾ പാലിച്ചാണെന്നും എംബസി വ്യക്തമാക്കി.

ഇതിനിടെ ഷാക്കിര്‍ സുബ്ഹാനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചുമതലകളില്‍ നിന്ന് മാറ്റിയതായി ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി വ്യക്തമാക്കി. വൈസ് പ്രസിഡന്‌റ് സ്ഥാനത്ത് നിന്നുള്‍പ്പെടെ മാറ്റിയതായി കേരള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി (കിക്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

കമ്മ്യൂണിറ്റിയിലെ ആഭ്യന്തര സെല്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യാജമാണെന്ന് വ്യക്തമായാല്‍ നിയമസഹായം ഉള്‍പ്പെടെ പിന്തുണ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വ്‌ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരായ പരാതി. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

Previous Post Next Post