കോട്ടയം: ഔദ്യോഗിക രഹസ്യങ്ങൾ നിരോധിത സംഘടനകൾക്ക് ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൈബർ സെൽ ഗ്രേഡ് എസ്ഐക്ക് സസ്‌പെൻഷൻ. കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്തെ സൈബർ സെൽ ഗ്രേഡ് എസ്ഐ പി.എസ്.റിജുമോനെതിരെയാണ് നടപടി. നിരോധിത സംഘടനകൾക്ക് നിർണായക വിവരങ്ങൾ ചോർന്നതായി എൻ.ഐ.എയാണ് കണ്ടെത്തിയത്.
സംസ്ഥാനത്തിന് പുറത്തുള്ള സംഘടനയുടെ മലയാളി പ്രവർത്തകരെ ചോദ്യം ചെയ്തതിൽ നിന്നാണ് റിജുമോനുമായുള്ള ബന്ധം എൻ.ഐ.എ കണ്ടെത്തിയത്. എൻഐഎ സംസ്ഥാന പൊലീസിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം റേഞ്ച് ഡിഐജി റിജുമോനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ എൻഐഎയും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും. സൈബർ സെല്ലിൽ ചേരുന്നതിന് മുമ്പ് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തിന് സമീപമുള്ള ഈസ്റ്റ് സ്റ്റേഷനിലായിരുന്നു റിജുമോൻ ജോലി നോക്കിയിരുന്നത്.