മഞ്ചേശ്വരം: പൊലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച സംഭവത്തിൽ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ. മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ പി. അനൂപിനെ ആക്രമിച്ച കേസിലാണ് ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിലായത്. കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്ച പുലർച്ചെ പട്രോളിംഗിനിടെയാണ് അഞ്ചംഗ സംഘം എസ്ഐയെ ആക്രമിച്ചത്. അക്രമത്തിൽ എസ്ഐയുടെ കൈക്ക് പരിക്കേറ്റിരുന്നു. രാത്രി പട്രോളിങ്ങിനിടെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെയാണ് അക്രമമുണ്ടായത്.
ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് വാക്കു തർക്കവും സംഘർഷവുമുണ്ടായി. ഇതിനിടെ സംഘം പൊലീസിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന അഫ്‌സല്‍, റഷീദ്, സത്താര്‍ എന്നിവരെ തിരിച്ചറിഞ്ഞു.